വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പീഡനം. കണ്ണില്‍ മുളകുവെള്ളമൊഴിച്ചു, നഖങ്ങളില്‍ ഈര്‍ക്കില്‍ തറച്ചു;കേസെടുത്ത് പോലീസ്
കോഴിക്കോട്: വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പന്ത്രണ്ടുവയസ്സുകാരനായ വിദ്യാര്‍ഥിക്കുനേരേ പിതൃസഹോദരനും കുടുംബവും നടത്തിയത് സമാനതകളില്ലാത്ത ക്രൂരത. കോഴിക്കോട് കൊടുവള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കിഴക്കോത്താണ് സംഭവം അരങ്ങേറിയത്. കൗമാരക്കാരന്റെ കൈകാലുകള്‍ കൂട്ടിക്കെട്ടി മര്‍ദിച്ച ശേഷം ശരീരത്തിലെ മുറിവുകളിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പുരട്ടുകയും കണ്ണില്‍ മുളകുവെള്ളം ഒഴിക്കുകയുമായിരുന്നു. ഇതിനുപുറമേ കാല്‍നഖങ്ങള്‍ക്കിടയില്‍ ഈര്‍ക്കിലും കൈനഖങ്ങള്‍ക്കിടയില്‍ ടൂത്ത് പിക്കും കുത്തിക്കയറ്റിയും ബന്ധുക്കള്‍ ഉപദ്രവിച്ചു.
ഓഗസ്റ്റ് ആറിനാണ് സംഭവം നടന്നത്. ബന്ധുവിന്റെ വാച്ച് കാണാതായതിനെ തുടര്‍ന്നാണ് കുട്ടിയെ സ്വന്തം വീട്ടില്‍നിന്ന് വിളിച്ചുകൊണ്ടുപോയി ബന്ധുവീട്ടിലെ മുറിയില്‍ അടച്ചിട്ട് മര്‍ദിച്ചത്. ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി ഉപദ്രവിച്ചതിനു ശേഷം, കൈകാലുകളിലെ കെട്ടിന്റെ മുറുക്കം കുറഞ്ഞപ്പോള്‍ അര്‍ധരാത്രിയോടെ കെട്ടഴിച്ച് ടെറസിനോട് ചേര്‍ന്നുനിന്ന കവുങ്ങിലൂടെ സാഹസികമായി താഴേക്ക് ഊര്‍ന്നിറങ്ങിയാണ് കുട്ടി രക്ഷപ്പെട്ടത്. റോഡിലെത്തിയ കുട്ടിയെ വഴിയാത്രക്കാരനാണ് കൊടുവള്ളി പോലീസ് സ്റ്റേഷനിലെത്തിച്ചത്. കുട്ടി മോഷ്ടിച്ചെന്നു പറഞ്ഞ് ക്രൂരത കാട്ടിയ വാച്ച് പിന്നീട് ഇതേ വീട്ടില്‍നിന്നുതന്നെ കണ്ടെത്തുകയും ചെയ്തു.
സംഭവം കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി.) വിഷയത്തില്‍ ശക്തമായി ഇടപെടുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാന്‍ റൂറല്‍ എസ്.പി.ക്ക് നിര്‍ദേശം നല്‍കി. ഇതിനുപിന്നാലെ കുട്ടിയെ ഉപദ്രവിച്ച പിതൃസഹോദരന്‍, ഇയാളുടെ ഭാര്യ, മകന്‍ എന്നിവര്‍ക്കെതിരെ കൊടുവള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയെ മര്‍ദിച്ചതിനും ആയുധങ്ങള്‍ ഉപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനും അന്യായമായി തടങ്കലില്‍ വെച്ചതിനും ഉള്‍പ്പെടെ ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കുട്ടിയുടെ വീടിന് തൊട്ടടുത്തുതന്നെയാണ് പിതൃസഹോദരന്റെ വീടും സ്ഥിതി ചെയ്യുന്നത്. മറ്റു ബന്ധുക്കളുടെ വീടുകളും സമീപത്തുള്ളതിനാല്‍ കുട്ടി അവിടെയെവിടെയെങ്കിലും കാണുമെന്നുകരുതിയാണ് വീട്ടുകാര്‍ ആദ്യഘട്ടത്തില്‍ അന്വേഷിക്കാതിരുന്നത്. പിതാവിനും രണ്ടാനമ്മയ്ക്കുമൊപ്പമാണ് കുട്ടി താമസിച്ചുവരുന്നത്. നിലവില്‍ കുട്ടിക്കും കുടുംബത്തിനും ആവശ്യമായ കൗണ്‍സലിങ് നല്‍കിയശേഷം കുട്ടിയെ സി.ഡബ്ല്യു.സി.യുടെ താല്‍ക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.