ആസൂത്രണ ബോര്‍ഡിലെ പരീക്ഷാ ക്രമക്കേടിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥര്‍; പരാമര്‍ശം പിഎസ് സി ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ടില്‍
ആസൂത്രണ ബോര്‍ഡിലേക്കുള്ള പി എസ് സി പരീക്ഷ ക്രമക്കേടില്‍ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തര വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരീക്ഷാ തട്ടിപ്പുമായി ബന്ധമുണ്ട്.വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.ആഭ്യന്തരവിജന്‍സിന്റെ റിപ്പോര്‍ട്ട് പി എസ് സി യോഗത്തില്‍ ചര്‍ച്ച ചെയ്തു.
കഴിഞ്ഞദിവസം എസ് പി സിനി എഫ് ഡെന്നിസിന്റെ നേതൃത്വത്തില്‍ നടത്തിയ ആഭ്യന്തര വിജിലന്‍സിന്റെ റിപ്പോര്‍ട്ട് പി എസ് സിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് ആസൂത്രണം ബോര്‍ഡിലേക്കുള്ള പരീക്ഷാ ക്രമക്കേടില്‍ ഗുരുതര കണ്ടെത്തലുകള്‍ ഉള്ളത്.
പരീക്ഷ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് ക്രമക്കേട് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. വിശദമായിട്ടുള്ള അന്വേഷണം വേണമെന്ന് ശിപാര്‍ശയോടെ കൂടിയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.
ഇന്ന് പിഎസ്സി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയായി. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് പി എസ് സി സര്‍ക്കാരിന്ന് സമര്‍പ്പിക്കും. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ മറ്റൊരു അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടേക്കില്ല.
ഐ ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള എസ് ഐ ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറും എന്നറിയിച്ചിരുന്നെങ്കിലും പൂര്‍ത്തിയാകാത്തതിനാല്‍ റിപ്പോര്‍ട്ട് കൈമാറുന്നത് നീട്ടി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസെടുക്കണമെന്ന് ശിപാര്‍ശയോടുകൂടിയായിരിക്കും എസ്‌ഐടി അന്വേഷണം റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറുന്നത്.
ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്നും വിശദമായി അന്വേഷണം വേണമെന്നുമുളള ശിപാര്‍ശയാണ് ആഭ്യന്തര വിജിലന്‍സിനും ക്രൈംബ്രാഞ്ചിനും ഉള്ളത്.
എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണം ആരംഭിക്കുന്നതോടെ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തുകയും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്യും.