നാളെ , നാല്പതാം വെള്ളിയാഴ്ച : ബ്രേഹെഡിലേയ്ക്ക് കുരിശിന്റെ വഴി
ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിന്റെ വഴി നടത്തുന്നു.
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ എല്ലാ കുര്‍ബാന സെന്ററുകളും സംയുക്തമായി നടത്തുന്ന കുരിശിന്റെ വഴി മാര്‍ച്ച് 27 വെള്ളിയാഴ്ച വൈകിട്ട് കൃത്യം 4:45 നു ബ്രേ ഹെഡ് കാര്‍പാര്‍ക്കില്‍നിന്ന് ആരംഭിക്കും.
കുരിശിന്റെ വഴിക്ക് മുമ്പായി ഉച്ചകഴിഞ്ഞ് 3:30 നു ബ്രേ സെന്റ് ഫെര്‍ഗാള്‍സ് ദേവാലയത്തില്‍ വച്ച് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
വിശുദ്ധ കുര്‍ബാനയിലും ക്രിസ്തുവിന്റെ പീഠാനുഭവം ധ്യാനിച്ച് കാനന പാതയിലൂടെ ബ്രേഹെഡ് മലമുകളിലെ കുരിശിന്‍ചുവട്ടിലേയ്ക്ക് നടക്കുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.
241 മീറ്റര്‍ (791 അടി) ഉയരമുള്ള ബ്രേ ഹെഡ് ,മേഖലയിലെ കടല്‍തീരത്തോട് ചേര്‍ന്നുള്ള ഉയരമുള്ള പ്രദേശമാണ്. അയര്‍ലണ്ടിലെ വിക്ക്‌ലോ കൗണ്ടിയുടെ വടക്കന്‍ ഭാഗത്ത്, ബ്രേയ്ക്കും ഗ്രേസ്റ്റോണ്‍സീനും ഇടയ്ക്കായി ഇത് സ്ഥിതി ചെയ്യുന്നു.വിക്ക്‌ലോ മലനിരകളുടെ ഭാഗവും ഹില്‍വാക്കിംഗ് ചെയ്യുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലവുമാണ് ബ്രേ ഹെഡ്.
മലയുടെ മുകളില്‍ 1950-ലെ വിശുദ്ധ വര്‍ഷത്തോടനുബന്ധിച്ച് ഒരു കോണ്‍ക്രീറ്റ് കുരിശ് സ്ഥാപിച്ചിട്ടുണ്ട്..
വിശുദ്ധവാരത്തിലും,ദുഖവെള്ളിയാഴ്ചയും കുരിശിന്റെ വഴി ചൊല്ലി നൂറുകണക്കിന് പ്രദേശവാസികള്‍ മല മുകളിലേക്ക് എത്താറുണ്ട്.
ഏതാനം വര്‍ഷങ്ങളായി നാല്പതാം വെളിയാഴ്ചകളില്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തിലുള്ള കുരിശിന്റെ വഴി ബ്രേ ഹെഡ്ഡില്‍ നടത്തപ്പെടുന്നുണ്ട്.
വലിയ നോമ്പിലെ 40-ാം ദിവസം വരുന്ന വെള്ളിയാഴ്ചയാണ് സുറിയാനി പാരമ്പര്യത്തില്‍ നാല്‍പതാം വെള്ളിയാഴ്ചയായി അറിയപ്പെടുന്നത്.