അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരി ജയിലിൽ തുടരും. ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ച മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി പൂജപ്പുര സെൻട്രൽ ജയിലിൽ തന്നെ തുടരും.
വിചാരണക്കോടതി വിധിച്ച ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. തച്ചങ്കരിയുടെ ഹർജിയെ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ അതിശക്തമായി എതിർത്തു.
ഇതൊരു സാധാരണ കേസല്ലെന്നും, ഉന്നത പദവി ദുരുപയോഗം ചെയ്ത പ്രത്യേക കേസാണെന്നും വ്യക്തമാക്കിയ സർക്കാർ, ഹർജിക്കെതിരെ വിശദമായ രേഖാമൂലമുള്ള എതിർപ്പ് ഫയൽ ചെയ്യാൻ സാവകാശം വേണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു.
കേരള പോലീസിന്റെ ഏറ്റവും ഉന്നതമായ പദവിയിലിരുന്ന ഒരു ഉദ്യോഗസ്ഥനാണ് പ്രതിയെന്നും, ഇയാളുടെ അഴിമതി സേനയ്ക്ക് ഒന്നടങ്കം വലിയ നാണക്കേടാണ് ഉണ്ടാക്കിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
വെറും മൂന്ന് വർഷത്തെ വരുമാനം പരിശോധിച്ചപ്പോൾ തന്നെ 52 ശതമാനത്തിലധികം വരവിൽ കവിഞ്ഞ അനധികൃത സ്വത്താണ് തച്ചങ്കരി സമ്പാദിച്ചുകൂട്ടിയത്. ഇത് ഈ ഉദ്യോഗസ്ഥന്റെ അഴിമതി മനോഭാവത്തെയാണ് തുറന്നുകാട്ടുന്നത്.
സമൂഹത്തിന് തന്നെ കടുത്ത ദോഷമുണ്ടാക്കുന്ന ഇത്തരമൊരു ഗൗരവമേറിയ കുറ്റകൃത്യത്തെ ലാഘവത്തോടെ കാണാൻ കഴിയില്ലെന്നും സർക്കാർ നിലപാടെടുത്തു.
ഈ കേസും ഇതിൽ പ്രതിയായിരിക്കുന്ന വ്യക്തിയും തികച്ചും പ്രത്യേക സാഹചര്യത്തിലുള്ളതായതിനാൽ സാധാരണ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്നതുപോലെ ഇതിനെ കാണാനാകില്ലെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷൻ, ഹർജിക്കെതിരെ സമഗ്രമായ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ സമയം അനുവദിക്കണമെന്ന് വാദിച്ചു.
സർക്കാരിന്റെ വാദങ്ങൾ പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിൾ ബെഞ്ച്, രേഖാമൂലം എതിർപ്പ് അറിയിക്കാനായി സർക്കാരിന് രണ്ടു ദിവസത്തെ സമയം അനുവദിക്കുകയായിരുന്നു.
അതേസമയം, കോട്ടയം വിജിലൻസ് കോടതി നടത്തിയത് പൂർണ്ണമായും തെറ്റായ കണ്ടെത്തലുകളാണെന്ന് ടോമിൻ തച്ചങ്കരിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
നാലു വർഷത്തെ തടവ് മാത്രമാണ് വിചാരണക്കോടതി വിധിച്ചിട്ടുള്ളതെന്നും അപ്പീൽ ഹർജി തീർപ്പാകുന്നതുവരെ ഈ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം കഠിനതടവും 31 ലക്ഷം രൂപ പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. നിലവിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലാണ് തച്ചങ്കരി. ഹർജി വ്യാഴാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.