അനധികൃത സ്വത്ത് സമ്പാദനക്കേസില് ടോമിന് ജെ. തച്ചങ്കരിക്ക് ആശ്വാസം; കോട്ടയം വിജിലന്സ് കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി
കൊച്ചി: ടോമിന് ജെ.തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദനക്കേസില് കോട്ടയം വിജിലന്സ് കോടതി വിധിച്ച നാല് വര്ഷത്തെ കഠിനതടവും പിഴയുമാണ് ഹൈക്കോടതി മരവിപ്പിച്ചത്.
1988ലെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള് പ്രകാരമായിരുന്നു കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വിധിക്ക് പിന്നാലെ തച്ചങ്കരിയെ തിരുവനന്തപുരം സെന്ട്രല് ജയിലിലേക്ക് മാറ്റിയിരുന്നു. ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന് പുറത്തിറങ്ങും.
2003 ജനുവരി ഒന്നുമുതല് 2007 ജൂലൈ വരെയുള്ള കാലയളവില് ഔദ്യോഗിക പദവിയിലിരിക്കെ വരവില് കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്സിന്റെ കേസ്.
അന്വേഷണത്തില് ഏകദേശം 64.70 ലക്ഷം രൂപയുടെ സ്വത്ത് തച്ചങ്കരിയുടെ അറിയപ്പെടുന്ന വരുമാനത്തെക്കാള് അധികമാണെന്നും ഇത് അറിയപ്പെടുന്ന വരുമാനത്തിന്റെ 135 ശതമാനത്തിലധികം വരുമെന്നും വിജിലന്സ് കണ്ടെത്തിയതായി പ്രോസിക്യൂഷന് കോടതിയില് വാദിച്ചിരുന്നു. അധിക സ്വത്തിന്റെ ഉറവിടം സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നല്കാന് കഴിഞ്ഞില്ലെന്നും അന്വേഷണ സംഘം ആരോപിക്കുകയുണ്ടായി.
തച്ചങ്കരിയുടെ സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടര്ന്ന് 2013ലാണ് വിജിലന്സ് കുറ്റപത്രം സമര്പ്പിച്ചത്. കേസ് ആദ്യം തൃശൂര് വിജിലന്സ് കോടതിയിലും പിന്നീട് മൂവാറ്റുപുഴയിലുമായിരുന്നു പരിഗണിച്ചിരുന്നത്. തുടര്ന്നാണ് കോട്ടയം വിജിലന്സ് കോടതിയിലേക്ക് മാറ്റുന്നത്.