നാട്ടികയില്‍ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തി; അന്തിമ തീരുമാനം കലക്ടറുടെ റിപ്പോര്‍ട്ടിന് ശേഷം
തൃശൂര്‍: തൃശൂര്‍ നാട്ടികയില്‍ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവെച്ചു. വിദഗ്ധ സംഘം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ ടോള്‍ പിരിവ് പാടില്ലെന്ന് ദേശീയ ഹൈവേ അതോറിറ്റി നിര്‍ദേശം നല്‍കി. കളക്ടറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും ടോള്‍ പിരിവ് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുക.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാതെ ടോള്‍ പിരിവ് ആരംഭിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളും യാത്രക്കാരും വിവിധ രാഷ്ട്രീയ കക്ഷികളും കഴിഞ്ഞ ദിവസം ശക്തമായി പ്രതിഷേധിച്ചിരുന്നു. സംഘര്‍ഷാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് ദേശീയപാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കാന്‍ ദേശീയ ഹൈവേ അതോറിറ്റിയോട് പൊതുമരാമത്ത് മന്ത്രിപി.കെ ബഷീര്‍ നിര്‍ദേശം നല്‍കി. മന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ടോള്‍ പിരിവ് നിര്‍ത്തിവെച്ചിരിക്കുന്നത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാനും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കാനും ജില്ലാ കലക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് കലക്ടര്‍, പൊലീസ്, ആര്‍ടിഒ ഉദ്യോഗസ്ഥര്‍, എസ്പി എന്നിവരടങ്ങുന്ന പ്രത്യേക സംഘം നിര്‍മാണപ്രവൃത്തികള്‍ വിലയിരുത്തും.
തുടര്‍ന്ന് കലക്ടര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ടോള്‍ പിരിവ് പുനരാരംഭിക്കണോ വേണ്ടയോ എന്നതില്‍ അന്തിമ തീരുമാനമുണ്ടാകുക. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാത്ത പ്രദേശങ്ങളില്‍ പരിശോധന നടത്താനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പണി പൂര്‍ത്തീകരിക്കാനും സംഘം നടപടി സ്വീകരിക്കും.