ഇന്നത്തെ ചിന്താവിഷയം - നമ്മൾ വളരെയധികം സത്യസന്ധതയോടും, സമർപ്പണത്തോടും, സ്ഥിരതയോടും കൂടി എന്തെങ്കിലും ചെയ്യുമ്പോൾ, അത് പ്രതിഫലിക്കുന്നത് ഫലത്തിലാണ്
എന്ത് ജോലി ചെയ്യുമ്പോഴും അതിൽ മുഴുകി ഇരിക്കുന്നവരെ കണ്ടിട്ടില്ലേ. പഠിക്കുകയാണെങ്കിലും, കൃഷിപ്പണികൾ ചെയ്യുകയാണെങ്കിലും, മറ്റ് ഏതെങ്കിലും തരത്തിലുള്ള ജോലികൾ ചെയ്യുകയാണെങ്കിലും അത് ചെയ്യുന്നവർ ഭൂരിഭാഗവും ആ ജോലിയിൽ തന്നെ വ്യാപൃതരാകുന്നതാണ് നമ്മൾ കണ്ടുവരുന്നത്. "വർക്ക് ഈസ് വർഷിപ്പ്" എന്ന ഇംഗ്ലീഷിലെ ചൊല്ല് എല്ലാവരും കേട്ടിട്ടുണ്ടാവും. 'ജോലിയാണ് ആരാധന' എന്നാണല്ലോ ഇതിൻ്റെ മലയാളം പരിഭാഷ. ജോലിയെ ആരാധനയായി കണ്ട് ഭയഭക്തി ബഹുമാനത്തോടെ ചെയ്യുക. ദൈവത്തോട് എങ്ങനെ പ്രാർത്ഥിക്കുന്നുവോ, ദൈവത്തെ എങ്ങനെ ആരാധിക്കുന്നുവോ, അതുപോലെ നമ്മൾ ഏറ്റെടുക്കുന്ന ജോലിയും ഭക്തി പുരസ്സരം ചെയ്യേണ്ടതാണ്. ഫലത്തെക്കുറിച്ച് ചിന്തിക്കാതെ തന്റെ ജോലികൾ നിർവഹിക്കുമ്പോൾ, അതിൻ്റെ ഫലം നിങ്ങളെ തേടി വരും. "കർമ്മണ്യേ വാധികാരസ്തേ
മാ ഫലേഷു കദാചന" (ഭഗവത് ഗീത, സാംഖ്യയോഗഃ 2:47)
ഫലം ഇച്ഛിക്കാതെ ജോലി ചെയ്യുക, ഫലത്തെക്കുറിച്ച് ചിന്തിക്കാൻ പോലും നിനക്ക് അവകാശമില്ല, എന്നാണ് ശ്രീകൃഷ്ണൻ അർജ്ജുനനോട് ഉപദേശിച്ചത്. ഏർപ്പെടുന്ന ജോലിയിൽ സത്യസന്ധനാകുക. എത്രമാത്രം സമർപ്പണം ജോലിക്ക് കൊടുക്കാമോ അത്രമാത്രം സമർപ്പിക്കുക. സ്ഥിരതയോടെ, ഉറച്ച മനസ്സോടെ ഏറ്റെടുത്ത് ജോലി ചെയ്യുക. അങ്ങനെ ചെയ്യുമ്പോൾ അതിൻ്റെ പ്രതിഫലനം ഏർപ്പെടുന്ന ജോലിയുടെ ഫലത്തിൽ കാണാം. നല്ലതായാലും ചീത്തയായാലും ചെയ്യുന്ന ജോലിക്ക് ഫലം സുനിശ്ചിതം എന്നും കൃഷ്ണൻ അർജ്ജുനനോട് ഉപദേശിക്കുന്നുണ്ട്. ആ ഉപദേശം നമ്മളോടും കൂടിയാണ്. പഠിക്കുന്ന വിദ്യാർത്ഥികൾ സമർപ്പണ ബുദ്ധിയോടെ പഠിക്കുക. ഡോക്ടർ അർപ്പണമനോഭാവത്തോടെ രോഗികളെ പരിശോധിക്കുക. ഇങ്ങനെ എല്ലാ പ്രവൃത്തികളും അർപ്പണമനോഭാവത്തോടെ, സത്യസന്ധമായി ചെയ്താൽ അതിൻറെ ഫലം നല്ലതായിരിക്കും. "നിൻറെഅ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ, നിനക്ക് നന്മ വരും" എന്ന ദൈവവചനവും ഇവിടെ പ്രസക്തമാണ്(സങ്കീർത്തനങ്ങൾ 128:2) മാതാപിതാക്കൾക്കും ഇതേ മാതൃക അനുഷ്ഠിക്കാവുന്നതാണ്. മക്കൾ സത്യസന്ധരായി വളരാനും, സമർപ്പണത്തോടെയും, ഏകാഗ്രതയോടെയും അവരുടെ ജോലികൾ ചെയ്യാൻ അവരെ പ്രാപ്തരുമാക്കിയാൽ, ആരോഗ്യമുള്ള മനസ്സിൻ്റെ ഉടമകളായി, വീടിനും സമൂഹത്തിനും രാജ്യത്തിനും സംഭാവന ചെയ്യാം.
"നിൻ്റെ ദൈവമായ കർത്താവ് നിൻ്റെ കൈകളുടെ സകല പ്രവൃത്തികളെയും അനുഗ്രഹിച്ചിരിക്കുന്നു"
( ആവർത്തന പുസ്തകം2:7)