ഇന്നത്തെ ചിന്താവിഷയം - "ഇത്രയേയുള്ളൂ" എന്ന അറിവിന് മുന്നിൽ തോറ്റ് പോകുന്ന അഹന്തയോളം വലിയ വെളിച്ചമെന്താണ്"
"ഇത്രയേയുള്ളൂ" എന്ന അറിവിന് മുന്നിൽ തോറ്റ് പോകുന്ന അഹന്തയോളം വലിയ വെളിച്ചമെന്താണ്"
ഇന്നത്തെ കാലത്ത് മനുഷ്യർ "വൈറൽ" ആകാൻ എന്തും കാണിക്കും എന്ന് നമുക്ക് അറിയാമല്ലോ.! സമൂഹ മാധ്യമങ്ങൾ നമുക്ക് മുന്നിൽ ഇത്തരം ഒട്ടേറെ കാര്യങ്ങൾ വെളിവാക്കി തരുന്നുണ്ട്. സമൂഹ മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവരുടെ എണ്ണം ഇന്ന് ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്.
ഇനിയും അത് വർദ്ധിക്കും. ഒരു "മൊബൈൽ ഫോണും വടിയും" കയ്യിൽ ഉള്ളവൻ പത്രപ്രവർത്തകൻ ആകുന്ന മ്ലേച്ഛമായ കാലമാണിത്. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുകളാണോ.? വെള്ളിമൂങ്ങ എന്ന സിനിമയിലെ നായക കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നവരാണ് ഇന്നത്തെ സോഷ്യൽ മീഡിയയിലെ പല "മാധ്യമപ്രവർത്തകരും"അതുമാത്രവുമല്ല, പല വിഷയങ്ങളിലും ആധികാരികമായി അഭിപ്രായം പറയുന്ന "സമൂഹ മാധ്യമ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ" വരെ ഇവിടെ വിലസുന്നുണ്ട് . പാചകവും, വാചകവും ഒരുപോലെ കൊണ്ട് പോകുന്നവരുണ്ട്. ലക്ഷങ്ങളും കോടികളും മുടക്കി ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഡോക്ടർമാരെ മറികടന്ന്, "യൂട്യൂബ് ഒറ്റമൂലിക്കാരും വൈദ്യന്മാരും" സാമൂഹ്യ മാധ്യമങ്ങളിലെ അപസ്വരങ്ങൾ ആവുന്നു. എല്ലാവരെയും അടച്ച് ആക്ഷേപിക്കുകയല്ല. ഏതാണ് നല്ലത്, ഏതാണ് മോശമെന്ന് തിരിച്ചറിയാൻ പറ്റാതെ ജനങ്ങൾ.
ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കേണ്ട, ആരു പറയുന്നതാണ് ശരി ആര് പറയുന്നതാണ് തെറ്റ് എന്ന് തിരിച്ചറിയാൻ, നെല്ലും പതിരും വേർതിരിക്കാൻ ആവാതെ ജനങ്ങൾ കുഴയുകയാണ്. ഇത്തരം ചിലർ ചിന്തിക്കുന്നത്, ഇവരാണ് അറിവിന്റെ അവസാനവാക്ക് എന്നാണ്. വ്യാജ ബിരുദങ്ങളും വ്യാജ ഡോക്ടറേറ്റും പൊതു വിപണിയിൽ കച്ചവടത്തിന് വച്ചിരിക്കുന്ന ഇക്കാലത്ത്, കൃത്യമായി പഠിച്ച് പരീക്ഷ എഴുതി ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് യാതൊരു വിലയുമില്ലാതായിരിക്കുന്നു. തുളുമ്പാത്ത നിറകുടം ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമ്പോൾ, ചെമ്പ് കുടങ്ങളിൽ അപസ്വരങ്ങൾ ഉണ്ടാക്കുന്ന നാണയത്തുട്ടുകൾ പോലെ സമൂഹ മാധ്യമങ്ങളിലെ പണ്ഡിതന്മാർ ആർപ്പു വിളിക്കുന്നു. ഇവർക്ക് കയ്യടിക്കാനും കുരവയിടാനും ആളുകൾ മത്സരിക്കുന്നത് കാണുമ്പോൾ അഹന്തയും അഹങ്കാരവും ഇവരെ തേടിയെത്തും.
ഇത്തരക്കാരെ മാത്രമല്ല, സമൂഹത്തിലെ മറ്റ് എല്ലാ മേഖലകളിലും ഉള്ള ഇത്തരക്കാർക്ക് ജയ് വിളിക്കാൻ ആളുകൾ മത്സരിക്കുമ്പോൾ അഹന്ത ഉണ്ടാവുന്നത് സ്വാഭാവികമാണ്. വളരെ ലളിതമായി ചെയ്യാവുന്ന പല കാര്യങ്ങളും വളച്ചൊടിച്ച് നീട്ടിപ്പരത്തി ചെയ്യുന്നതിലാണ് ചിലർക്ക് താല്പര്യം. അഹങ്കാരവും അഹന്തയും തലയ്ക്കുപിടിച്ച ഇവർക്ക് ലജ്ജ ഉണ്ടാക്കുന്നത് ഇവരാണ്.
ഏറെ കൊട്ടി ഘോഷിച്ച്, വലിയ ഒരു സംഭവമാണ് എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച്, ഇവർ ചെയ്യുന്ന പ്രവർത്തികൾ വളരെ നിസ്സാരമായി ചെയ്ത വിജയിപ്പിക്കുന്ന വരാണ് അവർ. ഇത് കാണുന്നവർ "ഇത്രയേ ഉണ്ടായിരുന്നുള്ളുവോ" എന്ന് പൊതുജനം ചോദിക്കുന്നിടത്ത് അവരുടെ അഹന്ത നശിക്കുന്നു.