ഇന്നത്തെ ചിന്താവിഷയം - എന്റെ നിലനില്‍പ്പിന്റെ നിര്‍ണ്ണായക ഘടകം ഇനി എന്റെ ഭൂതകാലമല്ല'
ഇന്നലെകള്‍ എന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ പ്രതിസന്ധികള്‍ എന്റെ ഭാവിജീവിതത്തിന് ഒരു വിലങ്ങ് തടി ആകില്ല എന്ന് എത്രപേര്‍ക്ക് പറയാന്‍ പറ്റും. പല ആളുകളും ജീവിതത്തില്‍ പരാജയപ്പെടുന്നതിന്റെ പ്രധാന കാരണം, ഇന്നലെകളുടെ വേട്ടയാടലുകളാണ്.
മനുഷ്യ ജീവിതത്തിലെ കൊഴിഞ്ഞു പോയ ദിനങ്ങള്‍ പലര്‍ക്കും പേടിപ്പിക്കുന്ന ഓര്‍മ്മയാണ്. ഇന്നലെകള്‍ നല്‍കിയ പരാജയങ്ങളും, തെറ്റായ തീരുമാനങ്ങളും മനുഷ്യരെ അലോസരപ്പെടുത്താറുമുണ്ട്. 'എന്റെ നിലനില്‍പ്പിന്റെ നിര്‍ണ്ണായക ഘടകം ഇനി എന്റെ ഭൂതകാലമല്ല' എന്ന് മനസ്സില്‍ ഉറപ്പിച്ചാല്‍, ഓരോ വ്യക്തിയും ഭൂതകാലത്തില്‍ നിന്നും സ്വതന്ത്രനാകും. വ്യക്തി ജീവിതത്തില്‍ ഉണ്ടാവുന്ന അനാവശ്യ തടസ്സങ്ങളില്‍ നിന്നും മോചിതനും ആകും. ഇന്നലെകള്‍ കഴിഞ്ഞു പോയില്ലേ. ഇപ്പോള്‍ നിങ്ങളുടെ മുമ്പിലുള്ള നിമിഷങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ വേണ്ടി പ്രയത്‌നിക്കുന്നതല്ലേ നല്ലത്. ഒരിക്കലും തിരിച്ചു വരാന്‍ കഴിയാത്തതും, തിരുത്താന്‍ കഴിയാത്തതുമായ കൊഴിഞ്ഞ ദിനങ്ങളെ ആലോചിച്ച് വിഷമിക്കുന്നത് വ്യര്‍ത്ഥമാണ്. നിങ്ങളുടെ പരിശ്രമം മുഴുവനും ഇന്നത്തെ, ഈ നിമിഷങ്ങളില്‍ ആകട്ടെ. അമ്പരപ്പിക്കുന്ന അത്ഭുതങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. ഇന്ന് ഇന്ന് നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളും, നിങ്ങളുടെ പ്രവര്‍ത്തികളുമാണ് നാളെകളെ ആഹ്ലാദത്തോടെ എതിരേല്‍ക്കുന്നത്. കാരണം ഇന്നലെ നിങ്ങളെ വേദനിപ്പിച്ച സംഭവങ്ങള്‍ നിങ്ങള്‍ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ടാകും. അതൊരിക്കലും ആവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് താല്പര്യമില്ല എന്ന തിരിച്ചറിവും നിങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ട്. മാറ്റങ്ങളെ സ്വാഗതം ചെയ്ത്, ലോകത്തെ അത്യാധുനിക വിവരങ്ങള്‍ പഠിച്ച്, മുന്നേറുമ്പോഴാണ് ഒരാള്‍ യഥാര്‍ത്ഥത്തില്‍ ജീവിക്കാന്‍ തുടങ്ങുന്നത് എന്ന് ഓര്‍ക്കുക.