ഇന്നത്തെ ചിന്താവിഷയം: 'എല്ലാ സാഹചര്യങ്ങളിലും നല്ലത് കാണാന്‍ നിങ്ങളുടെ മനസ്സിനെ പരിശീലിപ്പിക്കുക'
നമ്മള് ആഗ്രഹിക്കുന്നത് പോലെ ജീവിതം സുഗമമായി മുന്നോട്ടു പോകാറില്ലല്ലോ. അതെന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് ചോദിച്ചാല്‍, സാഹചര്യം പലപ്പോഴും അനുകൂലം ആകാത്തത് കൊണ്ടാണ് എന്ന് പറയേണ്ടി വരും.
വിജയത്തെക്കാള്‍ കൂടുതല്‍ പരാജയങ്ങളാണ് ഓരോ മനുഷ്യരുടെയും ജീവിതത്തില്‍ സംഭവിക്കുന്നത്. സ്വാഭാവികമായും ഇത്തരം സന്ദര്‍ഭങ്ങളില്‍ ആരുടെയും പ്രതീക്ഷകളും നഷ്ടപ്പെടുമല്ലോ.
സാഹചര്യം അനുകൂലമായാലും പ്രതികൂലമായാലും ആ സാഹചര്യങ്ങളുമായി താദാത്മ്യം പ്രാപിച്ചാല്‍, അതിലെ നല്ല വശങ്ങള്‍ മനസ്സിലാക്കിയാല്‍ പ്രതീക്ഷ നിലനിര്‍ത്താം. ഇത്തരം ചിന്തകള്‍ ഉള്ളില്‍ രൂപപ്പെടുത്തിയെടുത്താല്‍ ജീവിതം സന്തോഷപൂര്‍ണ്ണമാവും, സമാധാനപരമാകും.
എത്ര വലിയ തിരിച്ചടികള്‍ക്കിടയിലും ആ സാഹചര്യം ഉണ്ടാകാന്‍ ഇടയായ കാര്യങ്ങള്‍ എന്താണെന്ന് പഠിക്കുകയും, വീഴ്ചകള്‍ മനസ്സിലാക്കി അടുത്ത തവണ ആ തെറ്റുകള്‍ വരുത്താതെ മുന്നോട്ടു പോവുകയും ചെയ്യാം.
ഇതൊന്ന് മനസ്സിനെ പഠിപ്പിച്ച് എടുക്കാന്‍ ഏറെ നാളത്തെ പരിശീലനം ആവശ്യമാണ്. അതില്‍ വിജയിച്ചാല്‍ പരാജയങ്ങളില്‍ പരിഭ്രമിക്കുകയില്ല, തോല്‍വികളില്‍ തളരുകയില്ല. വിജയത്തിലേക്കുള്ള ചവിട്ടുപടിയായി ഇതിനെ ഉപയോഗിക്കാന്‍ സാധിക്കും.