ഇന്നത്തെ ചിന്താവിഷയം - "മനുഷ്യ മനസ്സ് കോപം, വെറുപ്പ്, അസൂയ എന്നിവ നിക്ഷേപിക്കാൻ ഉള്ള ചവറ്റുകുട്ടയല്ല. അത് സ്നേഹവും സന്തോഷവും മധുരസ്മരണകളും സൂക്ഷിക്കാനുള്ള ഒരു നിധിപ്പെട്ടിയാണ്"
ഇന്നത്തെ ചിന്താവിഷയം
"മനുഷ്യ മനസ്സ് കോപം, വെറുപ്പ്, അസൂയ എന്നിവ നിക്ഷേപിക്കാൻ ഉള്ള ചവറ്റുകുട്ടയല്ല. അത് സ്നേഹവും സന്തോഷവും മധുരസ്മരണകളും സൂക്ഷിക്കാനുള്ള ഒരു നിധിപ്പെട്ടിയാണ്"
മനുഷ്യൻ്റെ മനസ്സ് എന്താണെന്ന് ആർക്കെങ്കിലും കൃത്യമായി പ്രവചിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അവിടെയും ഇവിടെയും ഒക്കെ തൊട്ടും തലോടിയും ഏതാണ്ടൊക്കെ ഒപ്പിച്ച് പറയുന്നവർ ഉണ്ടാകാറ. ഇത് വരെ ഒരു ശാസ്ത്രത്തിനും പൂർണ്ണമായും പിടി കൊടുക്കാതെ അഹങ്കരിക്കുകയാണ് മനസ്സ്. മനസ്സുകൾ ഒന്ന് തുറന്നു നോക്കാൻ കഴിഞ്ഞാൽ ലോകാവസാനം ആയിരിക്കും. ഓർമ്മകൾ മായാതെ സൂക്ഷിക്കാൻ മനുഷ്യന് എത്ര നാൾ സാധിക്കും എന്ന് പറയാൻ പറ്റത്തില്ലല്ലോ. ഇന്ന് പലരെയും ബാധിക്കുന്ന ഒന്നാണ് സ്മൃതി നാശം. അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നായിരിക്കുന്നു. അതോടെ എല്ലാം തീരും. സ്വബോധത്തോടെ നാളുകൾ കഴിക്കുന്ന അവസരങ്ങളിൽ മനസ്സ് കൊണ്ട് പോലും ആർക്കും യാതൊരു വിധ ഉപദ്രവങ്ങളും ഒരു കാലത്തും മനസ്സാ, വാചാ കർമ്മണാ ചെയ്യാതിരിക്കുകയാണ് നല്ലത്. ദേഷ്യവും വെറുപ്പും അസൂയയും കുശുമ്പും ഒന്നും ഇല്ലാത്ത മനുഷ്യരെ കാണാൻ കൂടിയില്ല. ആരും ആരെക്കാളും വലിയവരല്ല ചെറിയവരുമല്ല. നിറവും ജാതിയും നോക്കി മനുഷ്യനെ വേർതിരിക്കാതിരിക്കുക. നിറത്തിന്റെയും ജാതിയുടെയും പേരിൽ ഒരു വിദ്യാർത്ഥിയെ അദ്ധ്യാപകർ അവഹേളിച്ചപ്പോൾ പിടിച്ച് നിൽക്കാൻ കഴിയാതെ ആ വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. എല്ലാ കുട്ടികളെയും ഒരുപോലെ കാണേണ്ടവരാണല്ലോ അദ്ധ്യാപകർ. ഗുരു മനുഷ്യ രൂപം ധരിച്ച, കാണാവുന്ന ദൈവം ആണെന്നാണല്ലോ ഭാരതീയ സങ്കല്പം. വംശ വെറിയുടെയും വർണ്ണവെറിയുടെയും കാലം ഇനിയും അസ്തമിച്ചിട്ടില്ലല്ലോ.
ഇതുപോലുള്ള അധ്യാപകരുടെ മനസ്സ് ചവറ്റുകൊട്ടയ്ക്ക് സദൃശ്യമാണ് എന്ന് പറയുമ്പോൾ പരിഭവിച്ചിട്ട് കാര്യമില്ല. ഈ ചവറ്റുകൊട്ടയിൽ കോപവും വെറുപ്പും അസൂയയും നിക്ഷേപിക്കുന്നവരാണ് അവർ.
അദ്ധ്യാപകരുടെ മനസ്സിൽ മാത്രമല്ല, മനുഷ്യ ഗണത്തിലുള്ള, ആൺ പെൺ ഭേദമില്ലാതെ 99.9 ശതമാനം വരുന്ന ആളുകളുടെ ഉള്ളിലും വെറുപ്പും കോപവും അസൂയയും ഡിപ്പോസിറ്റ് ചെയ്തിട്ടുണ്ട്.
ഈ മനസ്സുകളിൽ സ്നേഹവും സന്തോഷവും സുന്ദരമായ ഓർമ്മകളും നട്ടുവളർത്തി ഒരു ഉപവനം ആക്കാൻ പറ്റത്തില്ലേ. അപ്പോഴാണ് മനസ്സെന്ന ആമാടപ്പെട്ടിയുടെ മൂല്യം വർദ്ധിച്ചുവരുന്നത് എന്ന് ഓർമ്മിക്കുക.