ഇന്നത്തെ ചിന്താവിഷയം - "കൂട്ടുകെട്ടുകളുടെ നിലവാരം ഉയർത്തുക"

 
friendship

ഒരാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന വിജയങ്ങളും പരാജയങ്ങളും സൗഹൃദങ്ങളെ  ആശ്രയിച്ചാണ് ഇരിക്കുന്നത്. അതിനാൽ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. പണ്ടൊക്കെ  കാരണവന്മാർ പറയാറുണ്ടായിരുന്നു, "നിന്റെ കൂട്ടുകാർ ആരാണ് എന്ന് പറയൂ, അപ്പോൾ നീ ആരാണെന്ന് ഞാൻ പറയാം" എന്ന്. ഇതിൻ്റെ അർത്ഥം എന്താണെന്ന് മനസ്സിലായോ.? അതായത്, ഒരാൾ ഏതുതരത്തിലുള്ള സ്വഭാവക്കാരൻ ആണ് എന്ന് മനസ്സിലാക്കാൻ അയാൾ ഏതൊക്കെ തരത്തിലുള്ള ആളുകളുമായിട്ടാണ് സഹവസിക്കുന്നത് എന്ന് അറിഞ്ഞാൽ മതി. പണ്ടത്തെ ആളുകളുടെ ബുദ്ധി എത്ര അപാരമായിരുന്നു അല്ലേ. നമ്മളെ എപ്പോഴും പിറകോട്ട് പിടിച്ചു വലിക്കുന്ന,
നമ്മുടെ ലക്ഷ്യങ്ങളെ പരിഹസിക്കുന്ന ആളുകളുമായിട്ടുള്ള  സഹവാസം നമ്മളെ ഒരിക്കലും വിജയത്തിലേക്ക് എത്തിക്കുകയില്ല. വലിയ പ്രതീക്ഷകളും ഭാവിയെ കുറിച്ചുള്ള ശുഭചിന്തകളും ഉള്ള കഠിനാധ്വാനികളായ സൽസ്വഭാവികളായ  സുഹൃത്തുക്കളാണ് നമുക്ക് വേണ്ടത്. "ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ല്" കേട്ടിട്ടുണ്ടാകുമല്ലോ. നമ്മുടെ കുറ്റങ്ങളും കുറവുകളും എന്താണ് എന്ന് നമ്മളോട് നേരിട്ട് പറയുകയും, നമ്മുടെ പിഴവുകളെ തിരുത്തി നല്ല വഴിക്ക് നയിക്കാനും കഴിയുന്ന സുഹൃത്തുക്കൾ ഉള്ളവർ അതിസമ്പന്നരാണ്. ഇവരുടെ പോസിറ്റീവ് ചിന്താഗതി നമ്മുടെ മനസ്സിനെ ഉണർത്താൻ പോരുന്നതാണ്.
എപ്പോഴും പരാതികൾ പറയുന്നവരേക്കാൾ, ഒരു പ്രശ്നമുണ്ടാകുമ്പോൾ ഒപ്പം നിൽക്കുകയും അതിനുള്ള പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്നവരെ വിശ്വസിച്ച് കൂടെ നിർത്താം. നമ്മുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നവരെയും, സ്വപ്നങ്ങളെ തകർക്കുകയും ചെയ്യുന്നവരെ പതിയെ പതിയെ ഉപേക്ഷിക്കുന്നതാണ് നല്ലത്. ജീവിതത്തെ ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കാൻ സൗഹൃദങ്ങൾ വിവേകത്തോടെ തിരഞ്ഞെടുക്കുക.

Tags

Share this story

From Around the Web