ഇന്നത്തെ ചിന്താവിഷയം: 'എല്ലാ ദിവസവും നല്ലതായിരിക്കില്ല, പക്ഷേ എല്ലാ ദിവസത്തിലും നല്ലതായ എന്തെങ്കിലുമുണ്ടാകും'
മനുഷ്യ ജീവിതം എപ്പോഴും ഒരുപോലെ വലിയ കുഴപ്പമൊന്നുമില്ലാതെ മുന്നോട്ട് പോകണമെന്നില്ലല്ലോ. പ്രതിസന്ധികളും പ്രയാസങ്ങളും നിറഞ്ഞ ദിവസങ്ങളെ എല്ലാവരും അഭിമുഖീകരിക്കാറുണ്ട്, അല്ലെങ്കില്‍ ആഭിമുഖീകരിക്കേണ്ടതായി വരും. എത്ര കഠിന ചുറ്റുപാടുകളിലും പ്രതീക്ഷ കൈവിടാതിരിക്കാന്‍ മനസ്സിനെ ശക്തമാക്കുക. 'എല്ലാ ദിവസവും നല്ലതായിരിക്കില്ല, പക്ഷേ എല്ലാ ദിവസത്തിലും നല്ലതായ എന്തെങ്കിലുമുണ്ടാകും' എന്നത് പോലുള്ള പോസിറ്റീവ് ചിന്തകള്‍ മനസ്സിലുണ്ടായാല്‍ ജീവിതത്തില്‍ പരാജയം സംഭവിക്കാന്‍ സാധ്യതയില്ല.
ഒരോദിവസവും നമുക്ക് തരുന്ന നേട്ടങ്ങളും പ്രത്യാശകളും എങ്ങനെയാണ് അളന്ന് തൂക്കുന്നത്.? എന്താണ് അതിന്റെ മാനദണ്ഡം.? ആ ദിവസത്തില്‍ നമ്മെ സന്തോഷിപ്പിച്ച ചെറിയ കാര്യങ്ങളെ കണ്ടെത്തുന്നതിലാണ് പ്രാധാന്യം. അത് ഒരാളെ സ്വാധീനിക്കുന്നത് എങ്ങനെയൊക്കെയാണെന്ന് പറയാന്‍ പറ്റത്തില്ലല്ലോ. വളരെ ലളിതമായ കാര്യങ്ങളില്‍ പോലും വലിയ നന്മയും സന്തോഷവും കണ്ടെത്താന്‍ കഴിയണം.
വലിയ സങ്കടങ്ങളും തകര്‍ച്ചകളും നമ്മളെ വലിയ മാനസിക സമ്മര്‍ദ്ദത്തില്‍ എത്തിക്കുമ്പോള്‍ ചുറ്റുമുള്ള നല്ല കാര്യങ്ങളെ കാണാതെ പോകും. നെഗറ്റീവ് ചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം കൊടുക്കാതിരിക്കുക. ഏറ്റവും മോശം ദിവസം ആണെങ്കിലും പോസിറ്റീവ് ചിന്തകള്‍ക്ക് നമ്മളെ ആശ്വസിപ്പിക്കാന്‍ കഴിയും.