ഇന്നത്തെ ചിന്താവിഷയം - 'മറ്റാരും നിങ്ങള്‍ക്കുവേണ്ടി അത് ചെയ്യാന്‍ പോകുന്നില്ല എന്നതിനാല്‍ സ്വയം മുന്നോട്ട് പോകുക'
പക്ഷി മൃഗാദികളെ ശ്രദ്ധിക്കുക. മനുഷ്യരെപ്പോലെ ആലോചിച്ചു പ്രവര്‍ത്തിക്കാനുള്ള കഴിവ് അവര്‍ക്ക് ഇല്ലല്ലൊ. എന്നാല്‍ അവര്‍ അവരുടെ ജോലികള്‍ കൃത്യമായി ചെയ്യുന്നുമുണ്ട്. ഇതെങ്ങനെ സാധിക്കും എന്ന് ചോദിച്ചാല്‍, 'വാ കീറിയ ദൈവം അന്നവും കൊടുക്കും' എന്നാണ് അതിന്റെ ഉത്തരം. പ്രപഞ്ചം ഉണരുന്നതിന് മുമ്പായി ഉണര്‍ന്ന് അന്നത്തെ ആഹാരത്തിനായി അവര്‍ വഴി തേടുന്നു. മഴയും വെയിലും മഞ്ഞും തണുപ്പും ഒന്നും അവരുടെ മുന്‍പില്‍ നിഷ്പ്രഭമാകും. പ്രപഞ്ചം ഉറങ്ങുന്നതിനു മുമ്പ് നിദ്രയില്‍ ആവുകയും ചെയ്യും ഇവര്‍. ഇവരുടെ ഓരോരുത്തരുടെയും കാര്യങ്ങള്‍ ചെയ്യുന്നത് അവരവര്‍ തന്നെയാണ്. അവര്‍ക്ക് വേണ്ടി കൂലിക്ക് ജോലി ചെയ്യാന്‍ വേലക്കാരില്ല. ഭക്ഷണം പാകം ചെയ്യാന്‍ പാചകക്കാരില്ല. എല്ലാം സ്വയം ചെയ്യുകയാണ് ഈ മിണ്ടാപ്രാണികള്‍. മനുഷ്യരെ സംബന്ധിച്ചിടത്തോളം പല കാര്യങ്ങള്‍ക്കും മറ്റുള്ളവരെ ആശ്രയിക്കാറുണ്ട്. വീട്ടിലെയും പറമ്പിലെയും ഓഫീസിലെയും ജോലികള്‍ക്കായി ആളുകളെ ഏര്‍പ്പെടുത്താറില്ലേ. എന്നാല്‍ ഓരോരുത്തര്‍ക്കും ചെയ്യാന്‍ പറ്റുന്ന ജോലികള്‍ പോലും മറ്റുള്ളവരെ ഏല്‍പ്പിക്കാന്‍ ഇന്നത്തെ തലമുറ തയ്യാറാകുന്നുണ്ട്. 'പത്ത് അമ്മ ചമഞ്ഞാലും പെറ്റമ്മ ആകത്തില്ല' എന്ന പഴഞ്ചൊല്ല് കേട്ടിട്ടുണ്ടല്ലോ. പണം കൊടുത്താല്‍ ഏത് ജോലിയും ചെയ്യാന്‍ ഇന്ന് ആളെ കിട്ടും. എന്നാല്‍ നമ്മുടെ ഒരു നിമിഷത്തെ അശ്രദ്ധയില്‍ നഷ്ടങ്ങള്‍ സംഭവിക്കാം. കഴിയുന്നതും മറ്റുള്ളവരെ ആശ്രയിക്കാതെ അവനവന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ സ്വയം ചെയ്യുക. എത്രയായാലും നമ്മള്‍ ചെയ്യുന്നതുപോലെ ആയിരിക്കില്ലല്ലോ മറ്റൊരാള്‍ ചെയ്യുമ്പോള്‍. ഈ കാര്യത്തില്‍ പക്ഷി മൃഗാദികളെ നമുക്ക് മാതൃകയാക്കാം.