ഇന്നത്തെ ചിന്താവിഷയം :"നിങ്ങൾ അഹങ്കാരത്താൽ നിറഞ്ഞവനാണെങ്കിൽ, ജ്ഞാനത്തിന് നിങ്ങളിൽ സ്ഥാനമുണ്ടാകില്ല"
Apr 26, 2026, 07:01 IST
വിവേകം ഇല്ലാത്ത മനുഷ്യരുമായി ഇടപെടുന്നത് സൂക്ഷിക്കണം. വകതിരിവ് ഇല്ലാത്തവരൊട് അകന്ന് പോകണം. വിവരവും ഇല്ല, വിവേകവും ഇല്ല, വകതിരിവും ഇല്ല. ഇങ്ങനെ ഉള്ളവരെ കാണുന്ന മാത്രയിൽ ഓടിയൊളിച്ചു കൊള്ളുക. ഇവർക്ക് സാമാന്യ വിദ്യാഭ്യാസം പോലും ലഭിക്കാത്ത ആളുകൾ ആണെന്ന് കരുതാം. അതേസമയം ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ, പല തലങ്ങളിൽ പ്രാവീണ്യം നേടിയ ചിലർ അഹങ്കാരികൾ ആയാലോ. ഇപ്പോൾ നിങ്ങളുടെ മനസ്സിലേക്ക് പല മുഖങ്ങളും മിന്നിമറഞ്ഞു കാണണം. സർക്കാർ സ്ഥാപനങ്ങളിലെ, ദേശസാൽകൃത ബാങ്കുകളിലെ, കെഎസ്ആർടിസി, കെഎസ്ഇബി, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി പൊതുജനങ്ങൾ നിരന്തരം ബന്ധപ്പെടേണ്ടിവരുന്ന പല സ്ഥാപനങ്ങളിലെയും ചില ജീവനക്കാർ അഹങ്കാരം തലയ്ക്കു പിടിച്ചവരാണെന്ന് പണ്ടുമുതലേ ജനസംസാരമുണ്ട്. എത്ര ഉന്നത വിദ്യാഭ്യാസം നേടിയവരാണെങ്കിലും അഹങ്കാരികൾ ആയാൽ ആ വിദ്യാഭ്യാസം കൊണ്ട് എന്ത് പ്രയോജനം. വിദ്യാഭ്യാസം മനുഷ്യനെ എളിമയുള്ളവനാക്കും. ഇന്ന് സമൂഹത്തിൽ ഏറ്റവും കൂടുതൽ ധിക്കാരികളും ധാർഷ്ട്യക്കാരും നല്ല വിദ്യാഭ്യാസം നേടിയവരാണ് എന്ന് കേൾക്കുമ്പോൾ അവരുടെ വിദ്യാഭ്യാസ നിലവാരത്തെ ഓർത്ത് ലജ്ജ തോന്നാറില്ലേ. നിങ്ങൾ നേടിയ ജ്ഞാനം ചന്ദന ഗന്ധം പരത്തട്ടെ. ആ പരിമളത്തിൽ നിങ്ങളും സമൂഹവും രാജ്യവും ശോഭിക്കട്ടെ.