ഇന്നത്തെ ചിന്താവിഷയം- "സ്വർഗ്ഗം ഒരു മനുഷ്യനെ മറ്റൊരു മനുഷ്യനെക്കാൾ മുകളിലോ താഴെയോ സൃഷ്ടിക്കുന്നില്ല"

 
Heaven
പ്രപഞ്ചവും ഭൂമിയും ആരാണ് നിർമ്മിച്ചത്.? ഭൂമി ഉണ്ടായതിന് ശേഷം  കോടിക്കണക്കിന് വർഷങ്ങൾക്ക് ശേഷമല്ലേ  ജീവജാലങ്ങളും മനുഷ്യനും ഭൂമിയിൽ ഉണ്ടായത്.! ഭൂമിയെയും മറ്റ് ഗ്രഹങ്ങളെയും ശൂന്യതയിൽ നിർത്തിയ ആ ശക്തിയാരാകും. ഭൂമിയോട് സ്വയം പ്രദക്ഷിണം വയ്ക്കാനും, ഒരു നിശ്ചിത സഞ്ചാര പഥം കൽപ്പിച്ച്  നൽകി അതിലൂടെ മാത്രമേ  സഞ്ചരിയ്ക്കാവൂ എന്ന് നിർദ്ദേശിച്ചതും ആരാണ്.? ആ പ്രപഞ്ചശക്തിയെ നമ്മൾ ദൈവം എന്നും സ്വർഗ്ഗമെന്നും പേരിട്ടു വിളിക്കുന്നു. ദൈവത്തിൻ്റെ പ്രതിരൂപം ആയിട്ടാണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചത് എന്ന് മതങ്ങൾ പറയുന്നുണ്ടല്ലോ. ഭൂമിയിൽ വിവിധ രാജ്യങ്ങളിലെ,  നിറത്തിലും, കാഴ്ചയിലും വ്യത്യസ്തരായ മനുഷ്യരും, വിവിധ ഭാഷകൾ സംസാരിക്കുന്ന മനുഷ്യരും ദൈവത്തിനു മുന്നിൽ സമന്മാരാണ്. വയലാർ രാമവർമ്മയുടെ, "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു; മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു; മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കുവെച്ചു... മനസ്സ് പങ്കുവെച്ചു.." എന്ന വരികൾ ഇന്നലെകളിലും ഇന്നും വരാനിരിക്കുന്ന നാളെകളിലും പ്രസക്തമാകുന്നു. സ്വർഗ്ഗം ഭൂമിയിലേക്ക് മനുഷ്യനെ അയച്ചത് ഒരാൾ മറ്റൊരാളെക്കാൾ വലിയവനോ ചെറിയവനോ ആകാനല്ല, ആക്കാനല്ല. ദൈവത്തിൻ്റെ, മനുഷ്യ സൃഷ്ടിയുടെ ഉദ്ദേശവും അതായിരുന്നില്ല. "പറഞ്ഞാൽ അനുസരിക്കാത്തവരാകും" മനുഷ്യർ എന്ന ദൈവം പോലും വിചാരിച്ചിട്ടുണ്ടാവില്ല. മറ്റ് ജീവജാലങ്ങളെക്കാൾ മികച്ചതാകാൻ വേണ്ടിയല്ലേ കഴിവും ബുദ്ധിയും മനുഷ്യർക്ക് കൊടുത്തത്.  മനുഷ്യർ, ആണും പെണ്ണും എന്ന രണ്ടേ രണ്ട് ജാതിയേ ഉള്ളൂ.
ഒരേ അനാട്ടമിയല്ലേ.  സിരകളിലൂടെ ഓടുന്ന രക്തത്തിനും ഒരേ നിറം, ശ്വസിക്കുന്നതും ഒരിടത്തുനിന്ന്. പട്ടിയും പൂച്ചയും ആനയും ആടും കോഴിയും പശുവും കടുവയും തുടങ്ങി എല്ലാ ജന്തുവർഗ്ഗങ്ങളും ശ്വസിക്കുന്നത് ഒരിടത്ത് നിന്ന്. എന്നിട്ടാണ് മനുഷ്യൻ ഭൂമിയിൽ വിഭിന്ന ജാതികളായി വഴി പിരിഞ്ഞ് കലഹം ഉണ്ടാക്കുന്നതും യുദ്ധം ചെയ്യുന്നതും. ഇതുകണ്ട് ദൈവം ചിരിക്കുകയാണ്. ആരും വലിയവനും അല്ല ചെറിയവനും അല്ല.. ദൈവം ചിരിക്കുകയാണ്.

Tags

Share this story

From Around the Web