ഇന്നത്തെ ചിന്താവിഷയം- "നിങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അമിതമായി ഭയപ്പെടുകയോ വിഷമിക്കുകയോ ചെയ്യരുത്. എല്ലാ ജീവിതവും ഒരു പരീക്ഷണമാണ്. നിങ്ങൾ കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്തോറും അത് മികച്ചതാകും"

 
life
ജീവിതം വലിയ ഒരു പരീക്ഷണശാലയാണ്,  അനുഭവങ്ങളുടെ പാഠശാലയാണ്.  ഓരോ നിമിഷവും വിവിധ തരത്തിലുള്ള പരീക്ഷണങ്ങളിലാണ്  മനുഷ്യർ. വിവിധ മേഖലകളിലുള്ള ആളുകൾ അവർ തിരഞ്ഞെടുക്കുന്ന ജീവിതത്തിൽ നിന്നും അനേകം അനുഭവങ്ങൾ പങ്കുവെയ്ക്കാറില്ലേ. അനുഭവങ്ങളുടെ പാഠപുസ്തകങ്ങൾ എഴുതി വരുംതലമുറയ്ക്ക് പഠിക്കാനായി ഒരുക്കി വെക്കാറുണ്ട് അവർ.  മനുഷ്യർ ജീവിതത്തിൽ കൂടുതൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തിയാണ് വിജയത്തിലേക്ക് കടക്കുന്നത് എന്ന് അറിയാമല്ലോ. നമ്മുടെ പ്രവർത്തികൾ നല്ലതോ  ചീത്തയോ ആകാം. മനുഷ്യരല്ലേ.. തെറ്റുപറ്റാമല്ലോ. എന്നാൽ ഈ പ്രവർത്തികൾ എന്തുതന്നെയായാലും അത് ഓർത്ത്  അനാവശ്യ ഭയത്തോടെയും സങ്കടപ്പെട്ടും കഴിയേണ്ട ആവശ്യമില്ല. വരുന്നത് വരുന്നിടത്ത് വെച്ച് കാണട്ടെ എന്ന ധൈര്യത്തോടെ വേണം എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കാൻ. നിങ്ങളുടെ തീരുമാനം വിജയമാകാം പരാജയമാകാം. നിങ്ങൾ ഒന്നും ചെയ്യാതിരിക്കുന്നതിലും ഭേദമല്ലേ അത്. കൂടുതൽ ആലോചിച്ച് സമയം കളയണ്ട ആവശ്യമില്ല. എന്തുതന്നെ ചെയ്താലും വേഗം തന്നെ ചെയ്യുക. അതിൻ്റെ ഫലം ഉടനെ തന്നെ അറിയാൻ പറ്റും. അമിതമായി ആരെയും വിശ്വസിക്കാതിരിക്കുക. നിങ്ങളുടെ വിഷമങ്ങളും സങ്കടങ്ങളും ആരോടെങ്കിലും പങ്കു വെക്കുന്നതിന് മുൻപ് രണ്ടുവട്ടം ആലോചിക്കണം. നിങ്ങൾ പറയുന്നത് കേൾക്കുന്നയാൾ എങ്ങനെ അതിനെ കൈകാര്യം ചെയ്യും എന്നതിനെ ആശ്രയിച്ചായിരിക്കും നിങ്ങളുടെ പരീക്ഷണം വിജയത്തിലേക്ക് ആണോ പരാജയത്തിലേക്കാണോ പോകുന്നത് എന്ന് വിലയിരുത്താൻ. ഇങ്ങനെ ഇത്തരത്തിലുള്ള അനേകം സന്ദർഭങ്ങളും അവസ്ഥകളും ഒക്കെ മനുഷ്യന് മുമ്പിൽ വരും. ഇതെല്ലാം നമ്മളെ പരീക്ഷിക്കാനായി നമ്മുടെ മുന്നിലേക്ക് വരുന്ന അവസരങ്ങളാണ് എന്നോർക്കുക.

Tags

Share this story

From Around the Web