ഇന്നത്തെ ചിന്താവിഷയം - 'തയ്യാറെടുപ്പില്‍ പരാജയപ്പെടുന്നതിലൂടെ, നിങ്ങള്‍ പരാജയപ്പെടാന്‍ തയ്യാറെടുക്കുകയാണ്'
ഏതൊരു ലക്ഷ്യവും സാക്ഷാത്കരിക്കുന്നതിനായി മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകള്‍ അനിവാര്യമാണല്ലോ. അത്, ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ വിദ്യാഭ്യാസമായിക്കൊള്ളട്ടെ, ബിസിനസ് ആയിക്കോട്ടെ, ജോലിയായി കൊള്ളട്ടെ മറ്റു ഏതെങ്കിലും കാര്യങ്ങളില്‍ ആയിക്കോട്ടെ ആഴത്തിലുള്ള പഠനങ്ങളും വിശകലനങ്ങളും ആ കാര്യങ്ങളില്‍ എല്ലാം ഉണ്ടാവണം. വരും വരായ്കകള്‍, പരാജയം മറ്റു പല രീതികളില്‍ സംഭവിച്ചേക്കാവുന്ന വെല്ലുവിളികളും തിരിച്ചടികളും എല്ലാം പഠന വിഷയമാക്കണം. ശാസ്ത്ര സാങ്കേതികവിദ്യ വളര്‍ന്ന് ഉത്തുംഗത്തിലായിട്ടും അവിടെയും പല പിഴവുകളും പാളിച്ചകളും ഉണ്ടാകാറുണ്ട്. ഉപഗ്രഹത്തെ വഹിച്ച ഒരു റോക്കറ്റിന്റെ നിര്‍മ്മാണത്തിന്റെയും വിക്ഷേപണത്തിന്റെയും പുറകില്‍ തല പുകഞ്ഞ്, ഉറക്കമിളച്ച അനേകം ശാസ്ത്രജ്ഞരുടെ സ്വപ്നങ്ങളെ തകര്‍ത്തുകൊണ്ട് ചിലപ്പോള്‍ ഉപഗ്രഹങ്ങള്‍ ലക്ഷ്യത്തിലെത്താതെ തകര്‍ന്നിട്ടില്ലേ. ആ തകര്‍ച്ച എവിടെയോ പിഴച്ചു പോയ കണക്കുകൂട്ടലിന്റെയും മുന്നൊരുക്കങ്ങളുടെയും ആണല്ലോ. ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന വിജയ പരാജയങ്ങള്‍ക്കുള്ള കാരണങ്ങളും മറ്റൊന്നുമല്ല. വേണ്ടത്ര ആലോചിക്കാതെ ചെയ്യുന്ന ഓരോ തീരുമാനങ്ങളും, പ്രവൃത്തികളും പരാജയപ്പെടുമ്പോള്‍ ഓര്‍ക്കുക നിങ്ങള്‍ പരാജയപ്പെടാന്‍ തയ്യാറെടുക്കുകയാണ് എന്ന്.