പാലാ നഗരസഭാ അധ്യക്ഷ ആരെന്ന് ഇന്നറിയാം. വിമതരുടെ സ്ഥാനാർഥിയായി മായാ രാഹുലും യുഡിഎഫിൻ്റെ സ്ഥാനാർഥിയായി റിയ ചീരാംകുഴിയും മത്സര രംഗത്ത്

 
PALA

കോട്ടയം: പാലാ നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്. വിമതരുടെ സ്ഥാനാർഥിയായി മായാ രാഹുലും യുഡിഎഫിൻ്റെ സ്ഥാനാർഥിയായി റിയ ചീരാംകുഴിയും രംഗത്തുണ്ട്. കൗൺസിലർമാരുടെ നിലപാടുകളിൽ അവസാന നിമിഷം വരെ മാറ്റമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് വിമത കൗൺസിലർമാരുടെയും പിന്തുണയോടെയാണ് മായ രാഹുൽ മത്സരിക്കുന്നത്. എൽഡിഎഫും മായയ്ക്കു പിന്തുണ നൽകും. ഇതിനിടെ കൗൺസിലർ ലിസിക്കുട്ടി വിമതരെ കൈവിട്ടു കോൺഗ്രസ് പാളയത്തിലേക്ക് മടങ്ങി നാടകീയ നീക്കം നടത്തി. റിയ ചീരാംകുഴിയാണ് യു.ഡി.എഫ് സ്ഥാനാർഥി.  ഇന്നു രാവിലെ 11 ന് നഗരസഭാ ഹാളിൽ വെച്ചാണ് തെരഞ്ഞെടുപ്പ്.


അതേസമയം,വിപ്പ് ലംഘിച്ച് അവിശ്വാസപ്രമേയത്തെ പിന്തുണച്ച് കോൺഗ്രസ് വിമത കൗൺസിലർമാർക്കെതിരെ ഡിസിസി നേതൃത്വം പരാതി നൽകി. സ്വതന്ത്ര കൗൺസിലർ മായ രാഹുൽ ഉൾപ്പെടെ അഞ്ച് പേരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഡിസിസി പരാതി നൽകിയത്.


മുൻ അധ്യക്ഷ ദിയ പുളിക്കക്കണ്ടത്തിനെതിരെ കഴിഞ്ഞ മാസം 21നാണ് എൽഡിഎഫ് പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയത്തെ നാല് കോൺഗ്രസ് കൗൺസിലർമാരും കോൺഗ്രസ് കൗൺസിലറായ മായാ രാഹുലും പിന്തുണച്ചിരുന്നു. ഇതോടെയാണ് യുഡിഎഫ് പിന്തുണയോടെ നിലനിന്നിരുന്ന നഗരസഭാ ഭരണം പ്രതിസന്ധിയിലായത്.

അവിശ്വാസ പ്രമേയത്തെ പിന്തുണച്ച നാല് കോൺഗ്രസ് കൗൺസിലർമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം കോട്ടയം ഡിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് ഇന്നു നടക്കുന്ന തെരഞ്ഞെടുപ്പ് നിർണായകമാകുന്നത്.

യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് നേതൃത്വം വ്യക്തമാക്കുമ്പോഴും നിലവിൽ 16 അംഗങ്ങളുടെ പിന്തുന്ന മായയ്ക്കുണ്ട് എന്നാണ് വിലയിരുത്തൽ.

Tags

Share this story

From Around the Web