മാര്‍ ജോസഫ്‌ പൗവ്വത്തില്‍ ഓർമ്മയായിട്ട് ഇന്ന് മൂന്നുവർഷം

 
MMM

മാര്‍ ജോസഫ്‌ പൗവ്വത്തില്‍ ഓർമ്മയായിട്ട് ഇന്ന് മൂന്നുവർഷം. സഭാവിജ്ഞാനീയത്തിലെ പാണ്ഡിത്യത്താലും നിലപാടുകളുടെ കൃത്യതയിലും ശ്രദ്ധേയനായ വ്യക്തിയായിരുന്നു അദ്ദേഹം. തുടർന്ന് വായിക്കുക… 

ജീവിതം ഒറ്റനോട്ടത്തില്‍ 

  • 1930 ആഗസ്റ്റ്‌ 14 കുറുമ്പനാടം പൗവ്വത്തില്‍ കുടുംബത്തില്‍ ജനനം
  • 1962 ഒക്ടോബര്‍ 03: പൗരോഹിത്യ സ്വീകരണം
  • 1964: എസ്ബി കോളജ്‌ അധ്യാപകന്‍
  • 1972 ഫെബ്രുവരി 13: മ്രെതാഭിഷേകം
  • 1977 ഫെബ്രുവരി 26: കാഞ്ഞിരപ്പള്ളി രൂപതാ പ്രഥമ മെത്രാന്‍
  • 1986 ജനുവരി 17: ചങ്ങനാശേരി മെത്രാപ്പോലിത്തന്‍ ആര്‍ച്ചുബിഷപ്പ്
  • 2007 മാര്‍ച്ച്‌ 19: വിരമിക്കല്‍
  • 2023 മാര്‍ച്ച്‌ 18: നിത്യതയിലേക്ക്

ജനനം; ജീവിതം 

1930 ആഗസ്റ്റ്‌ 14-ന് കുറുമ്പനാടം പൗവ്വത്തില്‍ കുടുംബത്തില്‍ ഉലഹന്നാന്‍ – മറിയക്കുട്ടി ദമ്പതികളുടെ സീമന്തപുത്രനായി ജനിച്ച മാര്‍ ജോസഫ്‌ പൗവ്വത്തില്‍ 1962 ഒക്ടോബര്‍ 3-നാണ്‌ പൌരോഹിത്യം സ്വീകരിച്ചത്‌. 1972 ജനുവരി 29-ല്‍ ചങ്ങനാശേരി അതിരൂപതയുടെ സഹായമ്രെതാനായി അദ്ദേഹത്തെ പ്രഖ്യാപിച്ചു. 1972 ഫെബ്രുവരി 13-ന് വത്തിക്കാനില്‍ വച്ച്‌ പോള്‍ ആറാമന്‍ മാര്‍പാപ്പയില്‍ നിന്ന്‌ മ്രെതാഭിഷേകം സ്വീകരിച്ചു. 1977-ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായ പിതാവ്‌, രൂപതയുടെ അടിത്തറ പാകിയ കര്‍മ്മയോഗിയായിരുന്നു.

1985 മുതല്‍ 2007 വരെ ചങ്ങനാശേരി അതിരൂപത ആര്‍ച്ചുബിഷപ്പായി സേവനം ചെയ്തു. ഭാരതീയ കത്തോലിക്കാ മ്രെതാന്‍സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാൻസമിതിയുടെയും (കെസിബിസി) അദ്ധ്യക്ഷന്‍, സിബിസിഐ വിദ്യാഭ്യാസ കമ്മീഷന്റെയും യുവജന കമ്മീഷന്റെയും ചെയര്‍മാന്‍, ഇന്റര്‍ ചര്‍ച്ച്‌ കണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ ചെയര്‍മാന്‍, വിയന്ന ക്രേന്ദ്രമായ എക്യുമെനിക്കല്‍ പ്രസ്ഥാനമായ പ്രോ ഓറിയന്‍തെ ഫൌണ്ടേഷന്റെ സ്ഥിരാംഗം തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്‌. 1985 മുതല്‍ 2007 വരെ റോമില്‍ നടന്ന എല്ലാ മ്രെതാന്‍ സിനഡിന്റെയും പ്രത്യേക ക്ഷണിതാവായിരുന്നു. പൗരസ്ത്യരത്നം, സഭാതാരം, മാര്‍ത്തോമാ പുരസ്കാരം തുടങ്ങിയ അവാര്‍ഡുകളും വടവാതൂര്‍ പൌരസ്ത്യ വിദ്യാപീഠത്തിന്റെ ഓണററി ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

‘സീറോമലബാര്‍ സഭയുടെ കിരീടം’ 

ബെനഡിക്ട്‌ മാര്‍പാപ്പ ‘സീറോമലബാര്‍ സഭയുടെ കിരീടം’ എന്നു വിശേഷിപ്പിച്ച മാര്‍ പൗവ്വത്തിലിന്റെ കാലഘട്ടത്തിലാണ്‌ സിറോമലബാര്‍ സഭയുടെ വൃക്തിത്വം വീണ്ടെടുക്കാനും തനത്‌ ആരാധനാക്രമം പുനരുദ്ധരിക്കാനുമുള്ള തീഷ്ണശ്രമങ്ങൾ നടന്നതും വിദ്യാഭ്യാസ വിഷയങ്ങളില്‍ ശക്തമായ നിലപാടുകള്‍ കേരളത്തില്‍ മുഴങ്ങിയതും. 1972-ലെ കോളേജ്‌ സമരം എന്ന വിദ്യാഭ്യാസ പ്രക്ഷോഭത്തിന്‌ നെടുനായകത്വം വഹിച്ച്‌ അതിനെ വിജയത്തിലെത്തിക്കാന്‍ മാര്‍ പൗവ്വത്തിലിനു കഴിഞ്ഞു എന്നത്‌ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നേട്ടമാണ്‌. യുവജന പ്രേഷിതത്വത്തിലും സീറോമലബാര്‍ സഭയുടെ ആരാധന്രക്രമ പുനരുദ്ധാരണത്തിലും പൗരസ്ത്യ പാരമ്പര്യ സംരക്ഷണത്തിലും അത്മായ ദൈവശാസ്ത്ര പരിശീലനത്തിലും വിദ്യാഭ്യാസ – ന്യൂനപക്ഷ അവകാശങ്ങളുടെ നിലനിൽപ്പിലും കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലും പിതാവ്‌ സുധീരമായ ചുവടുവയ്പുകള്‍ നടത്തി.

സാമൂഹിക പ്രതിബദ്ധത

പിതാവിന്റെ സാമൂഹിക പ്രതിബദ്ധത ശ്രദ്ധേയമാണ്‌. അശരണര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടി ആശാഭവന്‍, സ്നേഹനിവാസ്‌ എന്നീ സ്ഥാപനങ്ങളും മ്രെതാഭിഷേക രജതജൂബിലിയുടെ ആഘോഷങ്ങള്‍ ഒഴിവാക്കി ജിവകാരുണ്യനിധിയും പിതാവ്‌ ആരംഭിച്ചു.

1964 മുതല്‍ ഒരു ദശാബ്ദക്കാലത്തോളം ചങ്ങനാശേരി എസ്ബി കോളജില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. എന്‍എസ്‌എസ്‌ മുന്‍ പ്രസിഡന്റ അന്തരിച്ച പി.കെ. നാരായണപ്പണിക്കരുടെ സഹപാഠിയും മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഗുരുവര്യനുമായിരുന്നു പിതാവ്‌. 1986 ജനുവരി 17-ന്‌ ചങ്ങനാശേരി അതിരൂപതയുടെ അദ്ധ്യക്ഷനായി ചുമതലയേറ്റു. ഭാരതം സന്ദര്‍ശിച്ച ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ അതിരൂപതക്കുള്ളില്‍ സ്വീകരിക്കുകയായിരുന്നു ആദ്യ ദൗത്യം. മ്രെതാപ്പോലീത്തന്‍ സ്ഥാനത്തു നിന്ന്‌ 2007 മാര്‍ച്ച്‌ 19-ന്‌ വിരമിച്ചു.

മരണം

2023 മാര്‍ച്ച്‌ 18 ഉച്ചക്ക് 01.17-ന് ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ്‌ തോമസ്‌ ഹോസ്പിറ്റലിലായിരുന്നു പിതാവിന്റെ അന്ത്യം. 93 വയസായിരുന്ന പിതാവ് ചങ്ങനാശേരി ആര്‍ച്ചുബിഷപ്സ്‌ ഹൌസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സഭാവിജ്ഞാനീയത്തിലെ പാണ്ഡിത്യത്താലും നിലപാടുകളുടെ കൃത്യതയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.

Tags

Share this story

From Around the Web