വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് ഇന്ന് 24 വര്‍ഷം

ലോകചരിത്രത്തെ തന്നെ പിടിച്ചുകുലുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് ഇന്ന് 24 വര്‍ഷം പൂര്‍ത്തിയായി. അമേരിക്കന്‍ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അല്‍ ഖ്വയ്ദ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണം മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സംഭവങ്ങളില്‍ ഒന്നാണ്.
2001 സെപ്റ്റംബര്‍ 11-ന് രാവിലെ എട്ട് മുപ്പതിന്, ലോക വ്യാപാരകേന്ദ്രത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ട് ടവറുകളിലേക്ക് ഭീകരര്‍ ഹൈജാക്ക് ചെയ്ത വിമാനങ്ങള്‍ ഇടിച്ചു കയറുകയായിരുന്നു. മിനിറ്റുകള്‍ക്കകം രണ്ട് ടവറുകളും നിലം പൊത്തി. 19 അല്‍ ഖ്വയ്ദ ഭീകരര്‍ നാല് അമേരിക്കന്‍ യാത്രാവിമാനങ്ങള്‍ പിടിച്ചടക്കി, സംഘങ്ങളായി തിരിഞ്ഞാണ് ആക്രമണം നടത്തിയത്. ഉടന്‍തന്നെ മറ്റൊരു വിമാനം അമേരിക്കന്‍ സൈന്യത്തിന്റെ ആസ്ഥാനമായ പെന്റഗണിലേക്കും ഇടിച്ച് കയറ്റുകയായിരുന്നു.
നാലാമത്തെ വിമാനം വൈറ്റ് ഹൗസിനെ ലക്ഷ്യമിട്ടതായിരുന്നുവെങ്കിലും, യാത്രക്കാരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് അത് പെന്‍സില്‍വാനിയയിലെ പാടശേഖരത്തില്‍ തകര്‍ന്നുവീണു. 77 രാജ്യങ്ങളില്‍ നിന്നുള്ള 2,977 പേര്‍ കൊല്ലപ്പെട്ടും പതിനായിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ആക്രമണത്തിന്റെ ആശയം അല്‍ ഖ്വയ്ദ ഭീകരനായ ഖാലിദ് ഷേക്ക് മുഹമ്മദ് ഒസാമ ബിന്‍ ലാദന്റെ മുന്നില്‍ അവതരിപ്പിച്ചു. 1998-ല്‍ ബിന്‍ ലാദന്‍ പദ്ധതിക്ക് അനുമതി നല്‍കി. സംഭവത്തിന് പിന്നാലെ അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ കയറി, ഡിസംബറോടെ താലിബാന്‍ സര്‍ക്കാരിനെ താഴെയിറക്കി. പത്ത് വര്‍ഷങ്ങള്‍ക്കുശേഷം ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന ഒസാമ ബിന്‍ ലാദനെ അമേരിക്ക വധിച്ചു.
പത്തുവര്‍ഷത്തോളം നാറ്റോ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിലനിന്നെങ്കിലും, അവര്‍ മടങ്ങിയതോടെ താലിബാന്‍ വീണ്ടും അധികാരത്തിലെത്തി. 9/11 ആക്രമണം ഇന്നും ലോകസുരക്ഷാ ചരിത്രത്തെ നടുക്കിയ ദിനമായി ഓര്‍മ്മിക്കപ്പെടുന്നു.