എസ്‌ഐആര്‍ ഫോം നല്‍കാനുള്ള അവസാന ദിവസം ഇന്ന്

 
sir


തിരുവനന്തപുരം: വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ (എസ്ഐആര്‍) എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ചുനല്‍കേണ്ട സമയം ഇന്ന് അവസാനിക്കും. വിതരണം ചെയ്ത ഫോമുകളില്‍ 99.9 ശതമാനത്തോളവും പൂരിപ്പിച്ചുകിട്ടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 

കരട് വോട്ടര്‍പട്ടിക 23ന് പ്രസിദ്ധീകരിക്കും.മുമ്പ് വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന 25 ലക്ഷത്തിലേറെപ്പേരെ കണ്ടെത്താനായില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികളായ ബിഎല്‍എമാരുമായിച്ചേര്‍ന്ന് ഇവരെ കണ്ടെത്താന്‍ ശ്രമിക്കും. കണ്ടെത്താനായില്ലെങ്കില്‍ കരട് പട്ടികയില്‍ ഉണ്ടാവില്ല. ഫോം പൂരിപ്പിച്ചു നല്‍കിയവരെല്ലാം കരട് പട്ടികയില്‍ ഉണ്ടാകും.

അതിനിടെ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) വഴി പട്ടികയില്‍നിന്നു പുറത്താകുന്ന 24.95 ലക്ഷം പേരുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. https://www.ceo.kerala.gov.in/asd-list എന്ന ലിങ്കില്‍ ബൂത്ത് അടിസ്ഥാനത്തില്‍ പട്ടിക പരിശോധിക്കാം.

https://www.ceo.kerala.gov.in/asd-list എന്ന ലിങ്കില്‍ പ്രവേശിക്കുക. ജില്ല, നിയമസഭാ മണ്ഡലം, പാര്‍ട്ട് (ബൂത്ത് നമ്പര്‍) എന്നിവ തിരഞ്ഞെടുക്കുക. ഡൗണ്‍ലോഡ് എഎസ്ഡി എന്ന ബട്ടണ്‍ ക്ലിക് ചെയ്യുക. ഡൗണ്‍ലോഡ് ചെയ്ത പട്ടികയില്‍നിന്ന് വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ കണ്ടെത്താം.

 ക്രമനമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, പേര്, ബന്ധുവിന്റെ പേര്, പുറത്താക്കാനുള്ള കാരണം എന്നിവയാണു പട്ടികയിലുള്ളത്. മരിച്ചവര്‍, സ്ഥിരമായി സ്ഥലം മാറിപ്പോയവര്‍, കണ്ടെത്താന്‍ കഴിയാത്തവര്‍, രണ്ടോ അതില്‍ക്കൂടുതല്‍ തവണയോ പട്ടികയില്‍ പേരുള്ളവര്‍, ഫോം വാങ്ങുകയോ തിരിച്ചു നല്‍കുകയോ ചെയ്യാത്തവര്‍ എന്നിങ്ങനെ പുറത്താക്കപ്പെടാനുള്ള കാരണങ്ങളും രേഖപ്പെടുത്തിയിരിക്കും.

അതേസമയം മതിയായ കാരണങ്ങളില്ലാതെ പുറത്താക്കല്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇന്നു തന്നെ ബൂത്ത് ലവല്‍ ഓഫിസറെ ബന്ധപ്പെട്ട് എസ്‌ഐആര്‍ ഫോം പൂരിപ്പിച്ചു നല്‍കണം. ഫോം പൂരിപ്പിച്ചു നല്‍കി തെറ്റു തിരുത്താന്‍ ഇന്നു വരെയാണ് അവസരം. ഫോം നല്‍കിയാല്‍ 23നു പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും.

Tags

Share this story

From Around the Web