ഇന്ന് വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ പ്രഥമ തിരുനാള്‍ ദിനം
വല്ലാർപാടം: കേരളത്തിലെ ആദ്യ സന്യാസിനിയും ഭാരതത്തിലെ ആദ്യ കര്‍മ്മലീത്ത സന്യാസിനിയുമായ വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ ആദ്യ തിരുനാള്‍ ദിനം ഇന്ന്. കഴിഞ്ഞ നവംബര്‍ എട്ടിനു ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ മാർപാപ്പയുടെ പ്രതിനിധിയായി എത്തിയ മലേഷ്യയിലെ പെനാംഗ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസാണ് പ്രഖ്യാപനം നടത്തിയത്. ഇതിന് ശേഷമുള്ള ആദ്യ തിരുനാള്‍ ദിനമായ ഇന്ന് വരാപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റ് അങ്കണത്തിലെ മദര്‍ ഏലീശ്വ ചാപ്പലില്‍ രാവിലെ 10.30നു സാഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയ്ക്കു വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത റവ.ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കാര്‍മ്മികനാകും.
1831 ഒക്ടോബർ 15ന് കേരളത്തിൽ വരാപ്പുഴ വികാരിയേറ്റിലെ ഓച്ചന്തുരുത്ത് കുരിശിങ്കൽ ക്രൂസ് മിലാ ഗ്രസ് ഇടവകയിലെ സമ്പന്നമായ കപ്പിത്താൻ കുടുംബത്തിൽ തൊമ്മൻ - താണ്ട ദമ്പതികളുടെ എട്ട് മക്കളിൽ ആദ്യ പുത്രിയായാണ് ഏലീശ്വയുടെ ജനനം. ബാല്യം മുതൽ പ്രാർത്ഥനയിലും സുകൃതങ്ങളിലും വേരൂന്നിയ ആത്മീയത സ്വന്തമാക്കിയ ഏലിശ്വ ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും അനുകമ്പ പ്രകടിപ്പിച്ചിരിന്നു. കുട്ടിക്കാലം മുതല്‍ അവള്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ വലിയ ഭക്തയായിരുന്നു. ജീവിതാവസാനം വരെ മാതാവിന്റെ തിരുസ്വരൂപം പൂക്കള്‍കൊണ്ട് അലങ്കരിച്ചു. മരിയന്‍ ആത്മീയതയെ നിരന്തരം സാക്ഷ്യപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു.
മാതാപിതാക്കന്മാരുടെ ആഗ്രഹപ്രകാരം 1847ൽ വറീത് എന്ന വ്യക്തിയെ വിവാഹം കഴിച്ചു. അവര്‍ക്ക് അന്ന എന്ന കുഞ്ഞ് പിറന്നു.
എന്നാൽ ഒന്നര വർഷത്തിനു ശേഷം വറീത് രോഗം ബാധിച്ച് കിടപ്പിലാവുകയും താമസിയാതെ മരണപ്പെടുകയും ചെയ്തു. രണ്ടാം വിവാഹത്തിന് വിസമ്മതിച്ച ഏലിശ്വ, ഏകാന്തതയിലും ദീർഘനേരത്തെ പ്രാർത്ഥനകളിലും വീടിനടുത്തുള്ള പാവങ്ങളെ സഹായിക്കുന്നതിലും ആശ്വാസം കണ്ടെത്തി. ദിവ്യകാരുണ്യ നാഥനോടുള്ള ഭക്തിയും, ഏകാന്ത ധ്യാനവും അവളെ ഈശോയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. ഇറ്റാലിയൻ വൈദീകനും കർമ്മലീത്ത മിഷ്ണറിയുമായിരുന്ന ഫാ. ലെയോപോൾഡ് ഒ.സി.ഡിയായിരിന്നു അവളുടെ ആത്മീയ ഗുരു. അദ്ദേഹത്തില്‍ നിന്നു ലഭിച്ച ആത്മീയ പരിശീലനം ഏലീശ്വയിൽ സന്യാസ ജീവിതത്തിലേക്കുള്ള അതിതീവ്രമായ ആഗ്രഹത്തെ ജ്വലിപ്പിക്കുകയായിരിന്നു.