യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ഉള്ള ആദ്യ ഉപ തെരഞ്ഞെടുപ്പ് ഇന്ന്. തെറ്റു തിരുത്താന്‍ ഇറങ്ങിപ്പുറപ്പെട്ട എല്‍ഡിഎഫിനും തെരഞ്ഞെടുപ്പ് നിര്‍ണായകം

 
Election


കോട്ടയം: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ഉള്ള ആദ്യ ഉപ തെരഞ്ഞെടുപ്പ് ഇന്ന്. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണമികവും നയനിലപാടുകളും അളക്കുന്ന ആദ്യ രാഷ്ട്രീയ പരീക്ഷണമെന്ന നിലയിലാണ് ഈ ഉപതെരഞ്ഞെടുപ്പ് വീക്ഷിക്കപ്പെടുന്നത്. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും ഭരണപരമായ വെല്ലുവിളികളും വോട്ടര്‍മാരെ എപ്രകാരം സ്വാധീനിക്കുമെന്നത് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. 

സ്ത്രീകള്‍ക്കും മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുമായി പ്രഖ്യാപിച്ച/നടപ്പിലാക്കിയ യാത്രാ സൗജന്യങ്ങള്‍ സാധാരണക്കാരായ വോട്ടര്‍മാര്‍ക്കിടയില്‍, പ്രത്യേകിച്ച് വനിതാ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

?ആശാ വര്‍ക്കര്‍മാരുടെ വേതന വര്‍ധന,
?റബര്‍ താങ്ങുവില വര്‍ധന,?കെ-റെയില്‍ പദ്ധതി ഉപേക്ഷിച്ചത്, ഓപ്പറേഷന്‍ തൂഫാന്‍ തുടങ്ങി സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതികള്‍ അടക്കം ചൂണ്ടിക്കാട്ടി യുഡിഎഫ് വോട്ട് തേടിയത്.


വൈദ്യുതി ലഭ്യതയിലെ കുറവും അനുബന്ധ പ്രതിസന്ധികളും ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത് സര്‍ക്കാരിനെതിരെ പ്രതിപക്ഷം വലിയ പ്രചാരണ വിഷയമാക്കുന്നുണ്ട്.  മന്ത്രിമാരുടെ വിദേശയാത്രകളും പിഎം ശ്രീയിലെ നിലപാട് മാറ്റവും ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നുണ്ട്.?

എന്നാല്‍, ?ജനക്ഷേമ പദ്ധതികളിലൂടെ താഴേത്തട്ടില്‍ നേടിയെടുത്ത ജനപ്രീതി തങ്ങള്‍ക്ക് തുണയാകുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു.  വികസന-ക്ഷേമ പദ്ധതികളുടെ തിളക്കമാണോ അതോ ദൈനംദിന ജീവിതത്തിലെ പ്രതിസന്ധികളാണോ ജനങ്ങള്‍ മുന്‍ഗണന നല്‍കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും ഉപതെരഞ്ഞെടുപ്പ് ഫലം.  


കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലും പാമ്പാടി, മീനടം പഞ്ചാത്തുകളിലെ ഓരോ വാര്‍ഡുകളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും.പാമ്പാടി പഞ്ചായത്തിലെ 10-ാം വാര്‍ഡ്(കുമ്പന്താനം), മീനടം പഞ്ചായത്തിലെ ഒന്നാം വാര്‍ഡ്(ചീരംകുളം) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. മൂന്നിടങ്ങളിലും ആരു ജയിച്ചാലും അതത് തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തെ ബാധിക്കില്ല.


ജില്ലാ പഞ്ചായത്തംഗമായിരുന്ന യു.ഡി.എഫിന്റെ വിനു ജോബ് എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് തൃക്കൊടിത്താനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യു.ഡി.എഫ്.സ്ഥാനാര്‍ഥിയായി കേരളാ കോണ്‍ഗ്രസിലെ വിജയ് ജോസ് മാരേട്ട് മത്സരിക്കും.കെ.എം.മാണി ധനമന്ത്രിയായിരിക്കെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായും യൂത്ത്ഫ്രണ്ട് (എം) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു.


ജില്ലാ പഞ്ചായത്ത് മുന്‍ സ്ഥിരസമിതി അധ്യക്ഷയായിരുന്ന മഞ്ജു സുജിത്താണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ വിനു ജോബിനോട് പരാജയപ്പെട്ടിരുന്നു.. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗം. കാന്‍സര്‍ ബാധിതരെ സഹായിക്കുന്നതിനുള്ള ഗ്ലോബല്‍ കാന്‍സര്‍ കണ്‍സേണ്‍ ഇന്ത്യയുടെ സീനിയര്‍ ജനറല്‍ മാനേജറായും ഡപ്യൂട്ടി ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു.


ബി.ജെ.പി മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്ന എ. മനോജാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി, പായിപ്പാട് പഞ്ചായത്തംഗവും പാര്‍ട്ടി കോട്ടയം ഈസ്റ്റ് ജില്ലാ സെക്രട്ടറിയുമാണ്.
പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം വാര്‍ഡില്‍ ബാബു മാത്യു ഡാണാവുങ്കലിന്റെയും മീനടം പഞ്ചായത്തിലെ ചീടംകുളം വാര്‍ഡില്‍ പ്രസാദ് നാരായണന്റെയും വിയോഗത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.


കുമ്പന്താനം വാര്‍ഡില്‍ അന്തരിച്ച ബാബു മാത്യുവിന്റെ ഭാര്യ ഡെയ്സി ബാബു ഡാണാവുങ്കലാണു യു.ഡി.എഫ് സ്ഥാനാര്‍ഥി. മുന്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സണ്ണി വര്‍ഗീസ് പൂതക്കുഴിയില്‍ എല്‍.ഡി.ഫിനായി മത്സരിക്കുന്നു. ബി.ജെ.പി പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ടിന്റു മനോജാണു ബി.ജെ.പി സ്ഥാനാര്‍ഥി
മീനടം പഞ്ചായത്തിലെ ചീരംകുളം വാര്‍ഡില്‍ അന്തരിച്ച പ്രസാദ് നാരായണന്റെ ഭാര്യ പ്രീത പ്രസാദാണു യു.ഡി.എഫ് സ്ഥാനാര്‍ഥി. സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം ചന്ദ്ര നാരായണനെയാണ് എല്‍.ഡി.എഫ് മത്സരരംഗത്തിറക്കിയിരിക്കുന്നത്. യുവമോര്‍ച്ച നേതാവ് ഗൗരി ശങ്കറാണ് ബിജെപി സ്ഥാനാര്‍ഥി.

Tags

Share this story

From Around the Web