ഇന്ന് കാര്‍ഗില്‍ വിജയ ദിനം, ധീരജവാന്മാരുടെ ഓര്‍മ്മയില്‍ രാജ്യം
ദ്രാസ്: കാർഗിൽ യുദ്ധവിജയത്തിന് ഇന്ന് 27 വയസ്സ് പൂർത്തിയാകുന്നു. ഇരുപത്തിയേഴാം കാർഗിൽ വിജയദിനാഘോഷത്തിന്റെ ഭാഗമായുള്ള പ്രധാന ചടങ്ങുകൾ ദ്രാസിലെ യുദ്ധ സ്മാരകത്തിൽ നടക്കുകയാണ്. ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയാകും. യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീര സൈനികരുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിക്കും. ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ഇവിടെ വിപുലമായ സാംസ്കാരിക സന്ധ്യയും നടന്നിരുന്നു.
1999 മെയ് 10-ന് ആരംഭിച്ച് ജൂലൈ 26-ന് അവസാനിച്ച കാർഗിൽ യുദ്ധത്തിൽ 527 വീര സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യവും നുഴഞ്ഞുകയറ്റക്കാരും അഫ്ഗാൻ കൂലിപ്പടയാളികളും ഒളിഞ്ഞുനൂഴഞ്ഞുകയറി ഉയർന്ന പോസ്റ്റുകൾ പിടിച്ചെടുത്തതോടെയാണ് മഞ്ഞുപുതച്ച മലനിരകളിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
ദ്രാസ് മേഖലയിൽ നഷ്ടപ്പെട്ട ആടിനെ തേടിയിറങ്ങിയ ആട്ടിടയൻ ത്യാഷി നഗ്യാൻ നുഴഞ്ഞുകയറ്റക്കാരുടെ സാന്നിദ്യം ആദ്യം കണ്ട് സൈന്യത്തെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പട്രോളിംഗിനിറങ്ങിയ ക്യാപ്റ്റൻ സൗരഭ് കാലിയയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പിന്നീട് തിരിച്ചെത്തിയില്ല. ജാട്ട് റെജിമെന്റിലെ ക്യാപ്റ്റൻ സൗരഭ് കാലിയ അടക്കമുള്ളവരെ പാക് സൈന്യം ക്രൂരമായി കൊലപ്പെടുത്തിയെന്ന വാർത്ത രാജ്യത്തെ ഞെട്ടിച്ചിരുന്നു.
ദ്രാസും കാർഗിലും കടന്ന് ലഡാക്കിലേക്കുള്ള പാത പിടിച്ചെടുക്കാനും ഇന്ത്യൻ ആയുധശേഖരശാല തകർക്കാനുമായിരുന്നു പാകിസ്ഥാൻ ലക്ഷ്യമിട്ടത്. ഇതിനിടെ ഇന്ത്യൻ മിഗ് വിമാനം പാക് സൈന്യം വെടിവെച്ചിടുകയും ലഫ്റ്റനന്റ് കെ. നചികേത പാക് പിടിയിലാവുകയും ചെയ്തു. നചികേതയെ രക്ഷപ്പെടുത്താൻ പോയ മറ്റൊരു മിഗ് വിമാനവും ഹെലികോപ്റ്ററും പാക് സൈന്യം വീഴ്ത്തിയതോടെ അഞ്ച് സൈനികർക്ക് വീരമൃത്യു സംഭവിച്ചു.
തുടർന്ന് 1999 ജൂൺ 6-ന് ഇന്ത്യ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. രണ്ട് ലക്ഷം സൈനികരെ അണിനിരത്തി നടത്തിയ തിരിച്ചടിയിൽ 30,000 ഭടന്മാർ യുദ്ധമുന്നണിയിൽ സജീവമായി നിലയുറപ്പിച്ചു. കാർഗിലിലും ദ്രാസിലും ആക്രമണം ശക്തമാക്കിയ ഇന്ത്യൻ സൈന്യം ബതാലിക് സെക്ടർ തിരിച്ചുപിടിച്ചു.
കരസേനയുടെ ബൊഫോഴ്സ് തോക്കുകളും, ലേസർ ബോംബുകളുമായി എത്തിയ മിറാഷ് യുദ്ധവിമാനങ്ങളും പാക് നിരകളിൽ കനത്ത പ്രഹരമേൽപ്പിച്ചു. കനത്ത പോരാട്ടത്തിനൊടുവിൽ ടോളോലിംഗ് കുന്നുകളും ടൈഗർ ഹില്ലും ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകൾ സൈന്യം തിരിച്ചുപിടിച്ചു. മലയടിവാരത്തിൽ നിന്ന് കുന്നുകൾ പിടിച്ചെടുക്കാൻ മുന്നേറിയ ധാരാളം കരസേനാംഗങ്ങൾ വീരമൃത്യു വരിച്ചു. ഒടുവിൽ ഇന്ത്യൻ സൈന്യത്തിന്റെ നിശ്ചയദാർഢ്യത്തിനും കരുത്തിനും മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പാകിസ്ഥാൻ പരാജയം സമ്മതിച്ച് പിൻവാങ്ങുകയായിരുന്നു.