സീറോ മലബാര്‍ സഭയില്‍ ഇന്നു പ്രാര്‍ത്ഥനാദിനം. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വൈകുന്നേരം ഏഴിന് പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷയും ദിവ്യകാരുണ്യ ആരാധനയും

 
MAR RAPEHEL THATTIL

കൊച്ചി: പശ്ചിമേഷ്യയില്‍ രൂക്ഷമാകുന്ന യുദ്ധം അവസാനിക്കുന്നതിനും ക്ലേശകരവും ദുരിതപൂര്‍ണവുമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഗള്‍ഫ് നാടുകളിലെ സഹോദരങ്ങള്‍ക്കും വേണ്ടി സീറോ മലബാര്‍ സഭയില്‍ ഇന്നു പ്രത്യേക പ്രാര്‍ത്ഥനാദിനാചരണം നടക്കും.

 സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വൈകുന്നേരം ഏഴിന് പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടാകും.

യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ സംഭാഷണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാര്‍ഗം തെരഞ്ഞെടുക്കാനും അതുവഴി പശ്ചിമേഷ്യയില്‍ ശാന്തിയും സമാധാനവും സംജാതമാകാനും വേണ്ടി ഏവരും പ്രാര്‍ഥിക്കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ആഹ്വാനം ചെയ്തു.

യുദ്ധത്തില്‍ ഇരകളാക്കപ്പെട്ട എല്ലാവരോടും സീറോമലബാര്‍ സഭയുടെ പ്രാര്‍ത്ഥനാപൂര്‍ണമായ പിന്തുണ അറിയിക്കുന്നു. വിവിധ രാജ്യങ്ങളില്‍ വലിയ നാശനഷ്ടങ്ങളും അനേകര്‍ക്കു ജീവഹാനിയും സംഭവിക്കുന്ന ഈ ദിവസങ്ങളില്‍ ലോകം മുഴുവന്‍ വലിയ ഉത്കണ്ഠയിലൂടെയാണ് കടന്നുപോകുന്നത്.

ആയുധങ്ങള്‍ സര്‍വനാശവും മരണവും വേദനയും മാത്രമാണു സമ്മാനിക്കുന്നത്. തുറന്ന ചര്‍ച്ചകളിലൂടെ മാത്രമേ സുസ്ഥിരമായ സമാധാനവും സഹവര്‍ത്തിത്വവും സാധ്യമാകൂ. പരിഹരിക്കാനാകാത്തവിധമുള്ള അഗാധമായ തകര്‍ച്ച ഉണ്ടാകുന്നതിനുമുമ്പ് ഓരോ രാജ്യവും തങ്ങളുടെ ധാര്‍മിക ഉ ത്തരവാദിത്വത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം രാഷ്ട്ര നേതാക്കള്‍ തുറന്ന മനസോടെ സ്വീകരിക്കാന്‍ നമുക്കു തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പ്രസ്താവിച്ചു.

Tags

Share this story

From Around the Web