സംഘപരിവാറിന്റെ മുഖമെന്തെന്ന് ഇന്ന് എല്ലാവരും തിരിച്ചറിഞ്ഞു”: കെ രാധാകൃഷ്ണൻ എംപി

കന്യാസ്ത്രീകൾക്കും ആദിവാസി യുവാവിനും ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കെ രാധാകൃഷ്ണൻ എംപി. അറസ്റ്റ് ചെയ്തതിൽ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയർന്നത്. കന്യാസ്ത്രീകളെ സംഘപരിവാർ ശക്തികൾ രാജ്യദ്രോഹികളാക്കി. മദർ തെരേസ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ അവരെയും രാജ്യദ്രോഹി ആക്കുമായിരുന്നു. സംഘപരിവാറിന്റെ മുഖമെന്തെന്ന് ഇന്ന് എല്ലാവരും തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു
ബിലാസ്പൂർ എൻ ഐ എ കോടതിയാണ് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ അംഗീകരിച്ചത്. ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ കഴിയുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയിലേക്ക് പോകാന്‍ രണ്ടു പെണ്‍കുട്ടികളുമായി ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേസ്റ്റേഷനില്‍ എത്തിയ കന്യാസ്ത്രീകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ ഗുരുതര കുറ്റങ്ങള്‍ ചുമത്തി ജയിലില്‍ അടക്കുകയായിരുന്നു
അറസ്റ്റിൽ ഇടത് എംപിമാരും നേതാക്കളും അവിടെയെത്തിയിരുന്നു. കേരളത്തിലാകെ വിഷയത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. രാഷ്ട്രീയ വിത്യാസമില്ലാതെ എല്ലാവരും പരിശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുവെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
ജാമ്യം ലഭിക്കുന്നതിനായി ഒത്തു പ്രവർത്തിച്ച രാഷ്ട്രീയ സാമൂഹ്യപ്രവർത്തകർക്ക് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ മാത്യു കോയിക്കൽ നന്ദി രേഖപ്പെടുത്തി