പച്ചക്കറികൾ കര്‍ഷകരില്‍ നിന്ന് ന്യായവിലയ്ക്ക് സംഭരിച്ച് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ പാലാ സാന്തോം ഫുഡ് ഫാക്ടറി തയാര്‍

 
Pala

പാലാ:  നാട്ടില്‍ സുലഭമായുള്ള ചക്കയും കപ്പയും കൈതചക്കയും ഏത്തക്കയും പഴവര്‍ഗങ്ങളും പച്ചക്കറികളും കര്‍ഷകരില്‍ നിന്ന് ന്യായവിലയ്ക്ക് സംഭരിച്ച് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍  പാലാ രൂപതാ പ്ലാറ്റിനം ജൂബിലി സ്മാരകമായി പാലാ സാന്തോം ഫുഡ് ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കുന്നു. 

പാലാ സാന്തോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14ന് വൈകിട്ട് മൂന്നിന് കൃഷി മന്ത്രി പി. പ്രസാദും സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യുമെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു.

കാര്‍ഷിക മേഖലയിലെ നിരവധിയായ പ്രശ്നങ്ങള്‍ക്കു മധ്യേ പാലാ രൂപത ആവിഷ്‌കരിച്ച കര്‍ഷക ശക്തീകരണ പദ്ധതിയായ കര്‍ഷക ബാങ്കിന്‍ന്റെ പത്താം വാര്‍ഷിക വേളയില്‍ പാലാ രൂപതാംഗങ്ങള്‍ക്ക് ആകെ പ്രചോദനമാകുമെന്ന പ്രതീക്ഷയാണുള്ളത്. 

പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള കരൂര്‍ മുണ്ടുപാലം സ്റ്റീല്‍ ഇന്ത്യ ക്യാമ്പസിലെ 6 ഏക്കറോളം സ്ഥലം കാര്‍ഷിക മുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ക്കായി പാലാ രൂപതാകേന്ദ്രത്തില്‍ നിന്നും പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയെ ഏല്‍പ്പിച്ചു. 

തുടര്‍ന്നു പി.എസ്.ഡബ്ലിയു.എസ് ന്റെ നേതൃത്വത്തില്‍ കര്‍ഷക കമ്പനികളും കര്‍ഷക കൂട്ടായ്മ്മകളും രൂപീകരിച്ച് കാര്‍ഷിക സംരംഭകത്വ വികസനത്തിന് വേദിയൊരുക്കി കൊണ്ടാണു മുണ്ടുപാലം സ്റ്റില്‍ ഇന്ത്യാ ക്യാമ്പസില്‍ രൂപതയുടെ അഗ്രോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെ ആദ്യ സംരംഭം എന്ന വിധത്തില്‍ പാലാ -സാന്തോം ഫുഡ് ഫാക്ടറി നിര്‍മിക്കച്ചത്. 

കാര്‍ഷിക വിളകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും വില തകര്‍ച്ച ഉണ്ടാകുമ്പോള്‍ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുവാനുള്ള രൂപതാ കേന്ദ്രത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായാണു പാലായില്‍ നൂതന സാങ്കേതികവിദ്യകളും യന്ത്രസാമഗ്രികളും വിനിയോഗിച്ചു കൊണ്ടുള്ള മൂല്യ വര്‍ധിത സംരംഭം പിറവിയെടുക്കുന്നത്.

നാട്ടില്‍ സുലഭമായുള്ള ചക്കയും കപ്പയും കൈതചക്കയും ഏത്തക്കയും ഇതര പഴവര്‍ഗങ്ങളും പച്ചക്കറികളും കര്‍ഷകരില്‍ നിന്ന് ന്യായവിലയ്ക്ക് സംഭരിച്ച് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കി വിപണിയിലിറക്കുവാനാണു രൂപത ലക്ഷ്യം വെക്കുന്നത്.

ആദ്യന്തര വിപണിയില്‍ മാത്രമല്ല  രൂപതാംഗങ്ങള്‍ ഉള്‍പ്പെടെ മലയാളികള്‍ ധാരാളമായിട്ടുള്ള വിദേശ രാജ്യങ്ങളിലേക്കും വിപണി ശൃംഖല വ്യാപിപ്പിച്ചുകൊണ്ട് ആരോഗ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കുവാനുള്ള ഒരു സദുദ്യമത്തിനു കൂടിയാണ് തുടക്കമാകുന്നത്. 

സംസ്ഥാന കൃഷിവകുപ്പിന്റെ സ്‌മോള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യമെന്ന എസ്.എഫ്.എ.സി യില്‍ നിന്ന് കോട്ടയം ജില്ലയില്‍ ആകെ അനുവദിച്ച 4 എഫ്.പി.ഒ കളിലൊന്നാണു പാലാ സാന്തോം എഫ്.പി.ഒ. ഇടവകകള്‍ തോറും പ്രവര്‍ത്തിക്കുന്ന കര്‍ഷക ഉത്പാദക സംഘടനകള്‍ /കമ്പനികള്‍, കര്‍ഷക ദള ഫെഡറേഷനുകള്‍, ഫാര്‍മേഴ്‌സ് ക്ലബുകള്‍, സ്വാശ്രയസംഘങ്ങള്‍ തുടങ്ങിയവര്‍ ഉത്പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളെ തനതു ബ്രാന്റില്‍ ആദ്യന്തര, വിദേശ വിപണികള്‍ക്ക് ഇണങ്ങുന്ന വിധത്തില്‍ വിപണനത്തിന് തയ്യാറാക്കാനുള്ള വേദി എന്ന നിലയിലാണു പാലാ സാന്തോം ഫുഡ് ഫാക്റി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

ആധുനിക സാങ്കേതിക വിദ്യയോടു കൂടിയ 18 യന്ത്രസാമഗ്രികളാണ് ഫാക്ടറിയില്‍ ആരംഭഘട്ടത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. പ്രാദേശികമായി ലഭ്യമായ അസംസ്‌കൃത വസ്തുക്കളില്‍നിന്നും ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളും മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളും നിര്‍മിക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്.

നാട്ടിന്‍പുറങ്ങളില്‍ സുലഭമായിട്ടുള്ള പച്ചക്കപ്പയും പച്ചക്കറികളും ചക്കയും കൈതച്ചക്കയും എത്തക്കാപ്പഴവുമടക്കമുള്ള ഭക്ഷ്യ ഫല വിഭവങ്ങളെ സംഭരിച്ച് സംസ്‌ക്കരിച്ച് മൂല്യ വര്‍ധ്യത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിനാണ് സാന്തോം ഫുഡ് ഫാക്ടറി വേദിയാകുന്നത്. 

ആധുനിക സാങ്കേതിക വിദ്യയോടെ 18 യന്ത്രസാമഗ്രികള്‍. ഒരേസമയം 36 ടണ്‍ ഭക്ഷ്യവിഭവങ്ങള്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കും. ഭക്ഷ്യവിഭവങ്ങള്‍ പഴുപ്പിക്കാനും പൊടി ഉല്‍പന്നങ്ങളാക്കി മാറ്റാനും കഴിയും. 4 തരത്തിലുള്ള കൂള്‍ ചേംബറുകളും 20 ടണ്‍ വരെ സൂക്ഷിക്കാവുന്ന ഫ്രീസിങ് സംവിധാനവും ഇവിടെയുണ്ട്.

ഉദ്ഘാടന സമ്മേളന രൂപതയുടെ പ്ലാറ്റിനം ജൂബിലി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് 75 വയസായ 75 മാതൃകാ കര്‍ഷകരെ ആദരിക്കും.

 ഉദ്ഘാടന സമ്മേളനത്തില്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സിലംഗങ്ങള്‍, വിവിധ സംഘടനകളുടെ രൂപതാ ഭാരവാഹികള്‍. എല്ലാ ഇടവക പള്ളികളില്‍ നിന്നും വികാരിയച്ചന്‍മാരുടെ നേതൃത്വത്തില്‍ കൈക്കാരന്‍മാര്‍, യോഗ പ്രതിനിധികള്‍, കുടുംബകൂട്ടായ്മയ്മാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.

വികാരി ജനറാള്‍ മോണ്‍.  സെബാസ്റ്റ്യന്‍ വേത്താനത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളോടെ പി.എസ്.ഡബ്ലിയു.എസ് ന്റെ ഡയറക്ടറായ ഫാ. തോമസ് കിഴക്കേലാണ് രൂപതയുടെ കര്‍ഷക മുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ.  ഫ്രാന്‍സീസ്  ഇടത്തിനാല്‍ എന്നിവർ അസി. ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നു.

Tags

Share this story

From Around the Web