വിശ്വാസം പരിശീലിക്കാനും പ്രാവർത്തികമാക്കാനും
> കുടുംബക്കൂട്ടായ്മകളിൽ പങ്കെടുക്കുന്നത് സമയനഷ്ടമായി കരുതാറുണ്ടോ? എങ്കിൽ ഈ ലേഖനം നിങ്ങൾക്കുള്ളതാണ്.
* എൽസി സാബു
കഴിഞ്ഞ മാസത്തെ ഇടവക കുടുംബക്കൂട്ടായ്മയ്ക്ക് പോയോ?
കുടുംബയൂണിറ്റിന്റെ നേതൃത്വത്തിലുള്ള മാസയോഗങ്ങളിൽ പങ്കെടുത്തിട്ട് മാസങ്ങൾ ആയോ?
ഒരു പ്രയോജനവുമില്ല, വെറുതെ എന്തിന് രണ്ടു മൂന്ന് മണിക്കൂറുകൾ നഷ്ടപ്പെടുത്തണം?
ഇതാണോ ചിന്ത. എങ്കിൽ ആ മനോഭാവം മാറ്റേണ്ട സമയം കഴിഞ്ഞു. ഒരിക്കൽ പോയിനോക്കൂ. സഭയുടെ ഏറ്റവും മനോഹരമായ കൂട്ടായ്മയാണ് യൂണിറ്റുകളുടെ അഭിമുഖ്യത്തിൽ നടക്കുന്നത്.
വ്യക്തി, കുടുംബം, ഇടവക എന്നീ തലങ്ങളിൽ വിശ്വാസം, വിശുദ്ധി എന്നിവ നേടി വളരുവാനും വളർത്തുവാനും ഓരോ വിശ്വാസിക്കും ഉത്തരവാദിത്വമുണ്ട്. സ്വന്തം ഭവനമാണ് ആദ്യത്തെ പഠന പ്രവർത്തനമേഖല. കുടുംബപ്രാർത്ഥനയും പൊതുചർച്ചകളും കൂട്ടായ പ്രവർത്തനങ്ങൾ വഴി ദൈവത്തോടും സഭയോടും നാം അടുക്കുന്നു. ഇതുകഴിഞ്ഞാൽ നമുക്ക് ലഭിക്കുന്ന ഏറ്റവും നല്ല അവസരമാണ് ഇടവകയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രാർത്ഥനാ സമ്മേളനങ്ങൾ.
വികാരിയച്ചനും സന്യാസിനിമാരും മാതാപിതാക്കളും കുട്ടികളും ഒരുമിച്ച് പ്രാർത്ഥിക്കുന്നു. പ്രാർത്ഥനയോടൊപ്പം ബൈബിൾ പഠനവും പൊതുചർച്ചകളും ഉണ്ടാകുന്നു. കാലികപ്രസക്തിയുള്ള പല വിഷയങ്ങളും ക്രൈസ്തവ കാഴ്ചപ്പാടിൽ വിലയിരുത്തുവാനും ഇടവകയിലെ ഭക്തസംഘടനകൾ, പുതിയ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അറിയുവാനും കഴിയുന്നു.
ക്രിസ്തീയ കൂട്ടായ്മ വളരുന്നത് കുടുംബയൂണിറ്റുകളിലൂടെയാണ്. കുട്ടികൾ നഴ്സറിയിലും എൽ.കെ.ജി.യിലും യു.കെ.ജി.യിലും പോകുംമുമ്പ് കുടുംബയൂണിറ്റുകളിൽ അമ്മ അവരെ കൊണ്ടുപോകണം.
പ്രാർത്ഥിക്കുകയും പാടുകയും ചെയ്യുന്ന സമൂഹത്തോടൊപ്പം സമയം ചെലവഴിക്കുന്ന കുട്ടി അതിലൂടെ ദൈവന്വേഷണത്തിലും ആത്മീയ തീർത്ഥാടനത്തിലും പങ്കാളിയാവുകയാണ്. പാട്ടു പാടുമ്പോൾ, കഥ പറയുമ്പോൾ ഇടയ്ക്ക് നിന്നുപോയാലും വികാരിയച്ചനും മാതാപിതാക്കളും അയൽക്കാരും കൈയടിച്ച് അനുമോദിക്കുന്നു. രണ്ടു മണിക്കൂർ നേരം മറ്റൊരു ഭവനത്തിലെ പ്രാർത്ഥനാസമ്മേളനത്തിൽ പങ്കെടുക്കുന്ന കുഞ്ഞ്, അനേകരുമായി പരിചയപ്പെടുന്നു. നേതൃത്വഗുണം അനേകർ തിരിച്ചറിയുന്നതും വളർത്തുന്നതും ഈ കൂട്ടായ്മകളിലൂടെയാണ്.
കുടുംബക്കൂട്ടായ്മകൾ സജീവമാക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കണം.
യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാനും കഴിയും. മാസംതോറും നിശ്ചിതതുക ശേഖരിച്ച് ചികിത്സ, പഠനം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കായി നൽകാം. അനാഥശാലകൾ, അഭയമന്ദിരങ്ങൾ, ആശുപത്രികൾ എന്നിവ സന്ദർശിച്ച് പ്രാർത്ഥിക്കുവാനും അർഹതയുള്ളവരെ സഹായിക്കാനും സാധിക്കും.
കുട്ടികളുടെ പ്രത്യേക വിഭാഗം ആരംഭിക്കാം. ക്രിസ്മസ്, ഈസ്റ്റർ തുടങ്ങിയ അവസരങ്ങളിൽ ഒത്തുചേരാനും ആഘോഷങ്ങൾ നടത്തുവാനും കഴിയും. ബൈബിൾ ക്വിസ്, വിനോദയാത്രകൾ, കയ്യെഴുത്ത് മാസിക ഇതെല്ലാം പ്രവർത്തന പദ്ധതികളിൽ ഉൾപ്പെടുത്താവുന്നതാണ്. യൂണിറ്റിന്റെ പുൽക്കൂട് നിർമ്മാണം കുട്ടികളുടെ കമ്മിറ്റിക്ക് ഏല്പിക്കാം.
യൂണിറ്റ് അതിർത്തിക്കുള്ളിൽ വസിക്കുന്ന എല്ലാ കുടുംബങ്ങൾക്കും ആശംസാകാർഡുകൾ എത്തിക്കുന്ന ഉത്തരവാദിത്വം കുട്ടിക്കൂട്ടത്തിന് നൽകാം.
യൂണിറ്റിലെ കുട്ടികൾ വിവിധ ഭക്തസംഘടനകളിൽ അംഗമാകുന്നുവെന്ന് ഉറപ്പുവരുത്തണം. ആദ്യകുർബാന സ്വീകരണം നടത്തുമ്പോൾ അനുമോദനങ്ങൾ നൽകാം.
കുട്ടികൾക്കായി നല്ല പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കണം. സ്കൂളിലും കലാ-കായിക മത്സരങ്ങളിലും ഉന്നതവിജയം നേടുമ്പോഴും കുടുംബയൂണിറ്റുകൾ സമ്മാനങ്ങൾ നൽകി ആദരിക്കുന്ന രീതി വളർത്തിയെടുക്കണം. ഇത് കുട്ടിയെ വിശ്വാസസമൂഹവുമായി അടുപ്പിച്ചു നിർത്താൻ സഹായിക്കും.
ഇടവകയിലെ മുഴുവൻ ഭക്തസംഘടനകളുടെയും പ്രധാന ഭാരവാഹികളെ യൂണിറ്റ് യോഗത്തിൽ ക്ഷണിച്ച് ആദരിക്കണം.
ഇടവകയിലെ ഭക്തസംഘടനകളെക്കുറിച്ച് അറിയുവാനും സംഘടനകളിൽ അംഗമാകാനും ഈ കൂടിക്കാഴ്ചകൾ അവസരമൊരുക്കും.
ഇതര യൂണിറ്റ് ഭാരവാഹികൾ, പ്രമുഖ വ്യക്തികൾ എന്നിവരെ യൂണിറ്റ് യോഗത്തിൽ അതിഥികളായി ക്ഷണിക്കാം.
യൂണിറ്റുകൾ തമ്മിലുള്ള കൂട്ടായ്മ വർദ്ധിപ്പിക്കാനും അംഗങ്ങളുടെ വിജ്ഞാനം വളർത്താനും സന്ദർശനങ്ങൾ വഴി കഴിയും.
ജന്മദിനം, വിവാഹവാർഷികം എന്നിവ യൂണിറ്റ് യോഗങ്ങളിൽ അറിയിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്യാം.
മാസയോഗങ്ങളിൽ മരിച്ചുപോയവരുടെ അനുസ്മരണദിനങ്ങൾ പറയുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന പതിവ് ഉചിതമാണ്.
പരേതരെ അനുസ്മരിക്കുന്ന നവംബറിൽ സെമിത്തേരി സന്ദർശിച്ച് പ്രാർത്ഥിക്കാം.
യൂണിറ്റ് അംഗങ്ങളുടെ രക്തഗ്രൂപ്പ് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിച്ചാൽ അടിയന്തിര സാഹചര്യങ്ങളിൽ ഇത് വലിയ പ്രയോജനം ചെയ്യും.
വചനവിചിന്തനത്തിന് മാസംതോറും പുരുഷൻ/സ്ത്രീ ക്രമത്തിൽ മാറിമാറി മുൻകൂട്ടി വ്യക്തികളെ നിയമിക്കാം.
യൂണിറ്റ് നേതൃത്വത്തിൽ വനിതകൾക്ക് അർഹമായ പങ്കാളിത്തം നൽകണം.
ഇടവകതല പരിപാടികളിൽ അംഗങ്ങൾ പങ്കെടുത്തുവെന്ന് ഉറപ്പുവരുത്തണം.
കിടപ്പുരോഗികളെ സന്ദർശിക്കണം. കൂദാശകൾ മുടക്കുന്നവർ, ഇടവകക്കൂട്ടായ്മയിൽനിന്നും വിട്ടുനിൽക്കുന്നവർ, വിശ്വാസവിരുദ്ധ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ, വിശ്വാസജീവിതം ഉപേക്ഷിച്ച് ജീവിക്കുന്നവർ, സാമ്പത്തികസഹായം അർഹിക്കുന്നവർ, മാനസിക വൈകല്യം, കുടുംബപ്രശ്നങ്ങൾ അനുഭവിക്കുന്നവർ... എന്നിവരെക്കുറിച്ച് വികാരിയച്ചനും ഇടവകാസമൂഹത്തിനും അറിവ് നൽകാനും കുടുംബയൂണിറ്റുകൾക്ക് സാധിക്കും.
ക്രൈസ്തവ കുടുംബങ്ങളുടെ കൂട്ടായ്മയും സാക്ഷ്യവും മാതൃകാപ്രവർത്തനങ്ങളും കണ്ട്, മറ്റുള്ളവർക്ക് ക്രിസ്തീയ കൂട്ടായ്മയിലേക്ക് കടന്നുവരുവാനും സഭയിൽ അംഗമാകാനുമുള്ള ആഗ്രഹം വർദ്ധിക്കണം. മതസൗഹാർദ്ദം കാത്തുപാലിക്കാനും എല്ലാ വിഭാഗം ജനങ്ങളുമായി സഹകരിച്ച്, നാടിന്റെ പൊതുവളർച്ചയ്ക്കുവേണ്ടി പ്രവർത്തിക്കാനും കുടുംബക്കൂട്ടായ്മയ്ക്ക് സാധിക്കും.
ഓർക്കുക, കുടുംബക്കൂട്ടായ്മകൾ മുഖേന ഈശോയെക്കുറിച്ച് കൂടുതൽ അറിയുവാനും ഈശോയിൽ വളരാനും അനേകർക്ക് ഈശോയെ പരിചയപ്പെടുത്തുവാനും സാധിക്കും.
അജപാലന പ്രവർത്തനങ്ങളിൽ പങ്കുചേരാനുള്ള ഒരു സുവർണ്ണാവസരവുമാണിത്.
### പ്രാർത്ഥന
> ഈശോയേ, കുടുംബക്കൂട്ടായ്മയോഗത്തിൽ മുടങ്ങാതെ പങ്കെടുക്കാനുള്ള കൃപ എനിക്കും കുടുംബാംഗങ്ങൾക്കും നൽകണമേ. വികാരിയച്ചനോടും ഇടവകകുടുംബക്കൂട്ടായ്മയോടും സഹകരിച്ച് പ്രവർത്തിക്കാനും സാക്ഷ്യജീവിതം നയിക്കാനും എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. ആമ്മേൻ.
>
* എൽസി സാബു .
* (കോ - ഓർഡിനേറ്റർ, ലവ് ആൻഡ് കെയർ. എറണാകുളം )