പിശാചിന്റെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ വി. പത്താം പിയൂസ് പാപ്പാ നല്‍കുന്ന നിര്‍ദേശങ്ങള്‍
സഭയില്‍ എന്നും പ്രചോദനാത്മകമായ തീരുമാനങ്ങളും നിലപാടുകളും കൈക്കൊണ്ട വ്യക്തിയാണ് വി. പത്താം പിയൂസ് പാപ്പാ.
ഇറ്റലിയിലെ ഒരു ദരിദ്രകുടുംബത്തില്‍ പത്തു മക്കളിലൊരാളായി പിറന്ന അദ്ദേഹം ഇരുപതാം നൂറ്റാണ്ടിലെ ആദ്യ മാര്‍പാപ്പയായി ഉയര്‍ത്തപ്പെട്ടു.
തുടന്ന് ആരാധനാപരവും കാനോനികവുമായ മേഖലകളില്‍ കാലോചിതവും യുക്തവുമായ ധാരാളം മാറ്റങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു. പതിനൊന്നു വര്‍ഷം കത്തോലിക്കാ സഭയുടെ പരമാധികാരിയായി ശുശ്രൂഷ ചെയ്ത അദ്ദേഹത്തിന്റെ മുഖമുദ്ര 'ക്രിസ്തുവില്‍ എല്ലാം നവീകരിക്കുക' എന്നതായിരുന്നു.
കുഞ്ഞുങ്ങള്‍ക്ക് ചെറുപ്രായത്തില്‍ ദിവ്യകാരുണ്യ സ്വീകരണത്തിന് അവസരമൊരുക്കിയതും അനുദിനം വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിന് വിശ്വാസികളെ പ്രചോദിപ്പിച്ചതും മാതാവിനോടുള്ള ഭക്തി പ്രചരിപ്പിച്ചതും വി. പത്താം പിയൂസ് പാപ്പായുടെ തീരുമാനപ്രകാരമായിരുന്നു.
ബൈബിള്‍ വായിക്കാന്‍ സാധാരണക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം പ്രത്യേകം ശ്രമിച്ചിരുന്നു. സാധാരണക്കാര്‍ക്ക് ദൈവവുമായുള്ള ബന്ധം കൂടുതല്‍ ലളിതമാക്കുവാന്‍ സാധ്യമായ എല്ലാ വഴികളും പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.
ദൈവവുമായുള്ള മനുഷ്യന്റെ ബന്ധത്തെ ഇല്ലാതാക്കുവാനുള്ള പൈശാചികതന്ത്രങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന പത്താം പിയൂസ് പാപ്പാ, പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ സഹായിക്കുന്ന ഏതാനും നിര്‍ദേശങ്ങള്‍ വിശ്വാസികള്‍ക്കായി നല്‍കുന്നുണ്ട്. അവ ഇതാ:
1. ''യേശുവിലേയ്ക്ക് നമ്മെ നയിക്കുന്ന വഴി ഏതാണ്? അത് നമ്മുടെ കണ്മുന്‍പില്‍ തന്നെയുണ്ട്. അത് സഭയാണ്. വലിയവരും ചെറിയവരും എന്ന വ്യത്യാസമില്ലാതെ എല്ലാവരെയും സഭയുടെ കീഴിലേയ്ക്ക് കൊണ്ടുവരുകയും നിത്യരക്ഷയ്ക്കായി വര്‍ത്തിക്കുകയും ചെയ്യുക എന്നത് നമ്മുടെ കടമയാണ്.''
2. ''ദരിദ്രനായാണ് ഞാന്‍ ജനിച്ചത്; ദരിദ്രനായാണ് ജീവിക്കുന്നതും. ദരിദ്രനായിത്തന്നെ മരിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു.''
3. ''സാത്താന്റെ എല്ലാ അധിപത്യങ്ങള്‍ക്കും കാരണം ക്രിസ്ത്യാനിയുടെ ദുര്‍ബലതയും അലസതയുമാണ്.''
4. ''ഏറ്റവും മനോഹരമായ പ്രാത്ഥനയാണ് ജപമാല. അത് പ്രാര്‍ത്ഥനകളുടെ കൃപയാല്‍ സമ്പന്നവുമാണ്. ദൈവമാതാവിന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്ന പ്രാര്‍ത്ഥനയാണ് ജപമാല. കുടുംബങ്ങളില്‍ ജപമാല ചൊല്ലുന്നതോടെ സാത്താന്‍ കുടുംബങ്ങളില്‍ നിന്ന് പാലായനം ചെയ്യും.''
5. ''ഏറ്റവും ചെറുതും എളുപ്പവുമായ സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴിയാണ് അടുത്തടുത്ത വിശുദ്ധ കുര്‍ബാന സ്വീകരണം.''
6. ''എല്ലാ ഹൃദയങ്ങളിലും സമാധാനം കണ്ടെത്തുവാനുള്ള ആഗ്രഹമുണ്ട്. എന്നാല്‍ ദൈവത്തില്‍ നിന്ന് അകന്നുകൊണ്ട് ഹൃദയസമാധാനം തേടുക എന്നത് മണ്ടത്തരമാണ്. ദൈവം നമ്മില്‍ നിന്ന് അകന്നാല്‍ നീതി നമ്മില്‍ നിന്ന് അകലും. നീതി ഇല്ലാതായാല്‍ സമാധാനവും പ്രതീക്ഷയും പ്രത്യാശയും എല്ലാം നഷ്ടമാകും.''
7. ''കുട്ടികള്‍ അവരുടേതായ ഇഷ്ടങ്ങളിലേയ്ക്ക് എടുത്തുചാടുന്നതിനു മുമ്പ് ക്രിസ്തുവിലുള്ള ശരിയായ വിശ്വാസം അവര്‍ക്ക് പകര്‍ന്നുകൊടുക്കണം. പിശാചിന്റെയും മറ്റ് ശത്രുക്കളുടെയും ആക്രമണത്തെ ആന്തരികമോ ബാഹ്യമോ ആയി ചെറുത്തുനില്‍ക്കാന്‍ ശക്തമായ ആത്മീയ അടിത്തറ അവരെ സഹായിക്കും.''
8. ''പരീക്ഷണങ്ങള്‍ വലയ്ക്കുമ്പോള്‍ നരകസര്‍പ്പത്തിന്റെ തല തകര്‍ക്കുന്ന പരിശുദ്ധ അമ്മയുടെ ചാരെ ആശ്രയം കണ്ടെത്താം.''
9.''സഭയുടെ ഏറ്റവും വലിയ പ്രശ്‌നം ധൈര്യമില്ലാത്ത അവസ്ഥയാണ്. അതായത് വിശ്വാസികളുടെ ഭീരുത്വം.''