മുറിവേറ്റവരില്‍ ക്രൂശിക്കപ്പെട്ടവനായും ഒരോ കാരുണ്യ പ്രവൃത്തിയിലും, ക്ലേശമനുഭവിക്കുന്നവര്‍ക്കായി നീളുന്ന ഓരോ കരത്തിലും ക്രിസ്തു ഉണ്ട് – കര്‍ദിനാള്‍ പിസബെല്ല

ജറുസലേം: തടവുകാരെ മോചിപ്പിക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും അങ്ങനെ ഗാസയിലും വിശുദ്ധ നാടു മുഴുവനിലും ജീവനും അന്തസ്സും പുനഃസ്ഥാപിക്കുന്ന സൗഖ്യ പ്രക്രിയയ്ക്ക് തുടക്കം കുറിക്കണമെന്നുമുള്ള സംയുക്ത അഭ്യര്‍ത്ഥനയുമായി ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, ലാറ്റിന്‍ പാത്രിയാര്‍ക്കീസുമാര്‍. ഗാസ സന്ദര്‍ശനത്തിന് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനാണ് ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ
പിസബെല്ലയും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമനും ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.
യുദ്ധത്തില്‍ തകര്‍ന്ന പാലസ്തീന്‍ പ്രദേശത്തേക്ക്, രാഷ്ട്രീയക്കാരോ നയതന്ത്രജ്ഞരോ എന്ന നിലയിലല്ല, അജപാലകര്‍ എന്ന നിലയിലാണ് യാത്ര ചെയ്തതെന്ന് കര്‍ദിനാള്‍ പിസബല്ല പറഞ്ഞു. ഗാസയിലെ ജനങ്ങളെ സഭ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് കര്‍ദിനാള്‍ വ്യക്കമാക്കി. തങ്ങളുടെ ദൗത്യം ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് വേണ്ടിയല്ലെന്നും ക്രൈസ്തവര്‍, മുസ്ലീം മതസ്ഥര്‍, വിശ്വാസികള്‍, അവിശ്വാസികള്‍, അഭയാര്‍ത്ഥികള്‍, കുട്ടികള്‍ എന്നിവരടക്കം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും കര്‍ദിനാള്‍ പറഞ്ഞു.
ഈ ദുരന്തങ്ങള്‍ക്ക് നടുവില്‍ ഗാസയില്‍ ക്രിസ്തു ഇല്ലെന്ന് കരുതരുതെന്ന് കര്‍ദിനാള്‍ തുടര്‍ന്നു.’ക്രിസ്തു ഗാസയില്‍ ഉണ്ട് – മുറിവേറ്റവരില്‍ ക്രൂശിക്കപ്പെട്ടവനായും, അവശിഷ്ടങ്ങള്‍ക്കടിയില്‍ കുഴിച്ചുമൂടപ്പെട്ടവനായും, ഒരോ കാരുണ്യ പ്രവൃത്തിയിലും, ഇരുട്ടത്ത് തെളിയുന്ന ഒരോ മെഴുകുതിരിയിലും, ക്ലേശമനുഭവിക്കുന്നവര്‍ക്കായി നീളുന്ന ഓരോ കരത്തിലും ക്രിസ്തു ഉണ്ട്,’കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
യുദ്ധത്തിന്റെ ഭാരത്താല്‍ തകര്‍ന്നിട്ടും ദൈവത്തിന്റെ പ്രതിച്ഛായ ഉള്ളില്‍ വഹിക്കുന്ന ഒരു ജനതയെയാണ് തങ്ങള്‍ക്ക് ഗാസയില്‍ കണ്ടുമുട്ടാന്‍ കഴിഞ്ഞതെന്ന്
പാത്രിയാര്‍ക്കീസ് തിയോഫിലോസ് പറഞ്ഞു.