സ്‌കൂള്‍സമയത്തെ ടിപ്പര്‍ സര്‍വീസ്: പെരുമ്പാവൂരില്‍ എംവിഡിയുടെ മിന്നല്‍ പരിശോധന, 89 കേസുകള്‍, 2.68 ലക്ഷം പിഴ
കൊച്ചി: സ്‌കൂള്‍ സമയങ്ങളിലെ വിലക്ക് ലംഘിച്ച് സര്‍വീസ് നടത്തിയ ടിപ്പര്‍ ലോറികള്‍ക്കും അമിതഭാരം കയറ്റിയ വാഹനങ്ങള്‍ക്കുമെതിരെ പെരുമ്പാവൂര്‍ മേഖലയില്‍ മോട്ടോര്‍ വാഹന വകുപ്പ് (എം.വി.ഡി.) വ്യാപക പരിശോധന നടത്തി.
എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.യുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 89 കേസുകളിലായി 2,68,750 രൂപ പിഴ ഈടാക്കി.
നാല് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളായി തിരിഞ്ഞ് പെരുമ്പാവൂര്‍, കുറുപ്പംപടി, കോട്ടപ്പടി, നെടുങ്ങപ്ര എന്നിവിടങ്ങളിലായിരുന്നു പരിശോധന.
പരിശോധനയില്‍ നിരോധിത സമയത്ത് ഓടിയ ഏഴ് ടിപ്പര്‍ ലോറികള്‍ക്കെതിരെ കേസെടുത്തു. വാഹനത്തിന്റെ ബോഡിയില്‍ നിയമവിരുദ്ധ മാറ്റങ്ങള്‍ വരുത്തിയ ഏഴ് ടിപ്പറുകള്‍ക്ക് 45,000 രൂപ പിഴ ചുമത്തി.
നികുതി അടയ്ക്കാത്ത രണ്ട് വാഹനങ്ങളും പിടിയിലായി. അനുവദനീയമായതിലും കൂടുതല്‍ ഭാരം കയറ്റിയ രണ്ട് വാഹനങ്ങളില്‍ നിന്നായി 65,000 രൂപ പിഴ ഈടാക്കി. വിവിധ നിയമലംഘനങ്ങള്‍ക്ക് 71 കേസുകള്‍ വേറെയും രജിസ്റ്റര്‍ ചെയ്തു.
സ്‌കൂള്‍ സമയത്തെ ടിപ്പര്‍ സര്‍വീസും റോഡ് സുരക്ഷയ്ക്കും വിദ്യാര്‍ഥികളുടെ ജീവനും ഒരുപോലെ ഭീഷണിയാണെന്നും വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അറിയിച്ചു.
വാഹന ഉടമകളും ഡ്രൈവര്‍മാരും സമയക്രമവും അനുവദനീയമായ ഭാരപരിധിയും കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.