അമേരിക്കന്‍ വീസയില്‍ കര്‍ശന നിയന്ത്രണം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ വീസ നയത്തില്‍ വരുത്തിയ നിര്‍ണായക മാറ്റങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയിലും പ്രവാസികള്‍ക്കിടയിലും വലിയ ആശങ്കയ്ക്ക് വഴിയൊരുക്കുന്നു.
പതിറ്റാണ്ടുകളായി തുടര്‍ന്നുപോന്ന 'ഡ്യൂറേഷന്‍ ഓഫ് സ്റ്റാറ്റസ്' സമ്പ്രദായം അവസാനിപ്പിച്ച്, വീസ കാലാവധി നിശ്ചിത കാലയളവിലേക്ക് ചുരുക്കിക്കൊണ്ടുള്ള അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റിന്റെ പുതിയ ഉത്തരവാണ് വിദ്യാര്‍ഥികളെയും മാധ്യമപ്രവര്‍ത്തകരെയും പ്രതികൂലമായി ബാധിക്കുന്നത്.
സെപ്റ്റംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ വ്യവസ്ഥയനുസരിച്ച്, എഫ് (അക്കാദമിക് സ്റ്റുഡന്റ്), ജെ (എക്‌സ്‌ചേഞ്ച് വിസിറ്റര്‍) വീസ വിഭാഗത്തിലുള്ളവര്‍ക്ക് പരമാവധി 4 വര്‍ഷം മാത്രമായിരിക്കും അമേരിക്കയില്‍ തുടരാന്‍ അനുവാദമുണ്ടാവുക.
പഠനം പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കയില്‍ തങ്ങാന്‍ അനുവദിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് 30 ദിവസമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു.
അമേരിക്കയില്‍ നിലവില്‍ പഠനം നടത്തുന്നവരെയും പുതിയ നിയമം ബാധിക്കുമെന്നതാണ് വലിയൊരു വിഭാഗം വിദ്യാര്‍ഥികളുടെ ഉറക്കം കെടുത്തുന്നത്.
കോഴ്‌സ് കാലാവധി നീണ്ടുനില്‍ക്കുകയാണെങ്കില്‍, അമേരിക്കന്‍ സിറ്റിസന്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസില്‍ പ്രത്യേക അപേക്ഷ നല്‍കി അനുമതി വാങ്ങേണ്ടതുണ്ട്.
ഇത് അധിക ചെലവിനും നടപടിക്രമങ്ങളിലെ കാലതാമസത്തിനും കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള 'ഐ' വീസയുടെ കാലാവധി 240 ദിവസമായും പരിമിതപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് പൗരന്മാര്‍ക്ക് ഇത് 90 ദിവസമായി ചുരുക്കി.
അമേരിക്കയുടെ കുടിയേറ്റ നയങ്ങളില്‍ വരുത്തിയ ഈ കര്‍ശന മാറ്റം ഇന്ത്യയില്‍ നിന്നുള്ള ഉന്നതവിദ്യാഭ്യാസ ലക്ഷ്യങ്ങളെ ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2025 ജനുവരിയിലെ കണക്കനുസരിച്ച് മൂന്ന് ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അമേരിക്കയില്‍ പഠനം നടത്തുന്നത്. പഠനശേഷം ജോലിയിലോ സ്ഥിരതാമസത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ക്ക് പുതിയ വ്യവസ്ഥകള്‍ വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
രാജ്യസുരക്ഷയുടെയും കുടിയേറ്റ മേല്‍നോട്ടത്തിന്റെയും ഭാഗമായാണ് ഈ നടപടിയെന്നാണ് അമേരിക്കന്‍ അധികൃതരുടെ വിശദീകരണം.
എന്നിരുന്നാലും, വരും വര്‍ഷങ്ങളില്‍ അമേരിക്കയിലേക്കുള്ള വിദ്യാഭ്യാസ പ്രവാസികള്‍ മറ്റ് രാജ്യങ്ങളിലെ സാധ്യതകള്‍ തേടാന്‍ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.