ടൈഗര്‍ ഷ്‌റോഫ് വധശ്രമം: കാലിഫോര്‍ണിയയില്‍ നിന്ന് നിയന്ത്രിച്ചത് അനില്‍ പണ്ഡിറ്റ്; 2.5 ലക്ഷം മുന്‍കൂറായി നല്‍കി
മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫിനുനേരെ മുംബൈയില്‍ നടന്ന വെടിവെപ്പിനു പിന്നിലെ പ്രധാന സൂത്രധാരന്‍ അനില്‍ പണ്ഡിറ്റാണെന്ന് രാജസ്ഥാന്‍ പോലീസ് അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട പ്രതിക്ക് അനില്‍ പണ്ഡിറ്റ് 2.5 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയെന്നും ആക്രമണം നടത്താന്‍ പ്രതിയായ റെഹാന് 34,000 രൂപ വാഗ്ദാനം ചെയ്തതായും വിവരമുണ്ട്. കൊലപാതകത്തിനുശേഷം പ്രതികളെ വിദേശത്തേക്ക് അയക്കാമെന്നും ഇയാള്‍ ഉറപ്പുനല്‍കിയിരുന്നുവെന്ന് രാജസ്ഥാന്‍ പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാലിഫോര്‍ണിയയിലിരുന്നാണ് അനില്‍ പണ്ഡിറ്റ് എന്‍ക്രിപ്റ്റഡ് ആപ്ലിക്കേഷന്‍ വഴി പ്രതികളെ തത്സമയം ബന്ധപ്പെടുകയും ആക്രമണത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ എത്തിച്ചുനല്‍കിയത് പണ്ഡിറ്റാണെന്ന് പോലീസ് സംശയിക്കുന്നു. ഇയാളും അക്രമികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും ആശയവിനിമയങ്ങളും അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്. പ്രതികള്‍ക്ക് പ്രതിദിന ചെലവുകള്‍ക്കായി 5,000 മുതല്‍ 10,000 രൂപവരെ ഇയാള്‍ ഓണ്‍ലൈനായി അയച്ചു നല്‍കിയിരുന്നു.
ആക്രമണത്തിന് മുന്നോടിയായി പ്രതികള്‍ ഒരു മാസത്തോളം മുംബൈയിലെ ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഈ സമയത്ത് ഇവര്‍ കടക്കാര്‍ക്ക് ഓണ്‍ലൈനായി പണം നല്‍കി പകരം കൈപ്പറ്റിയിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. സംഘത്തിലെ മറ്റൊരു പ്രതിയായ ഹൃതിക്കാണ് ടൈഗര്‍ ഷ്‌റോഫിന്റെ യാത്രാവിവരങ്ങള്‍ നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിച്ചത്. നടന്റെ ദിനചര്യകള്‍ പ്രതികള്‍ നിരീക്ഷിച്ചിരുന്നോ എന്നും ലക്ഷ്യസ്ഥാനത്തെ നീക്കങ്ങള്‍ എങ്ങനെ പിന്തുടര്‍ന്നുവെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ആക്രമണത്തിനുശേഷം മുംബൈയില്‍നിന്ന് പുറത്തുകടക്കാനായി പ്രതികള്‍ വേഷവും രൂപവും മാറ്റിയിരുന്നു. സംഭവസമയത്ത് റെഹാനും പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കും നീളമുള്ള മുടിയുണ്ടായിരുന്നുവെങ്കിലും ട്രെയിന്‍ യാത്രയ്ക്കിടെ ഇവര്‍ മുടി വെട്ടുകയും വസ്ത്രം മാറുകയും ചെയ്തു. സംശയം ഒഴിവാക്കാനായി മൂവരും ട്രെയിനിലെ വെവ്വേറെ ഭാഗങ്ങളിലാണ് സഞ്ചരിച്ചത്. എത്രയും വേഗം ഡല്‍ഹിയിലെത്താനും അവിടെനിന്ന് നേപ്പാളിലേക്ക് കടക്കാനുമായിരുന്നു അനില്‍ പണ്ഡിറ്റ് ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം. ഒക്ടോബര്‍ 18-നാണ് മുംബൈയിലെ ജൂഹുവില്‍വെച്ച് ബൈക്കിലെത്തിയ അക്രമികള്‍ ടൈഗര്‍ ഷ്‌റോഫിന്റെ കാറിനുനേരെ വെടിയുതിര്‍ത്തത്. നടന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും ഡ്രൈവര്‍ക്കും സമീപത്തുണ്ടായിരുന്ന വഴിയാത്രക്കാരനും പരിക്കേറ്റു. പ്രാഥമിക വിവരമനുസരിച്ച് ആകെ ഏഴ് റൗണ്ട് വെടിയുതിര്‍ത്തതില്‍ അഞ്ചെണ്ണം കാറില്‍ കൊള്ളുകയും രണ്ടെണ്ണം ലക്ഷ്യം തെറ്റുകയുമായിരുന്നു.