എസ്എഫ്‌ഐ സമരത്തിലെ ഇടിവള മര്‍ദനം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍, പാലക്കാട് എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്
പാലക്കാട്: എസ്എഫ്‌ഐ വിദ്യാര്‍ഥികളെ മദ്യപിച്ചെത്തി ഇടിവളയിട്ട് മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍.
പാലക്കാട് എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ചിറ്റിലഞ്ചേരി സ്വദേശി ഷഫാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി.
ഇക്കഴിഞ്ഞ 11ന് എസ്എഫ്‌ഐ പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് മദ്യപിച്ചെത്തിയ ഷഫാദ്, പ്രവര്‍ത്തകരെ മര്‍ദിച്ചത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് ഷഫാദ് മദ്യപിച്ചതായി കണ്ടെത്തിയത്. ജന്തര്‍മന്തറിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
എസ്എഫ്‌ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു വൈദ്യപരിശോധന നടത്തിയത്. എസ്എഫ്‌ഐയുടെ സമരത്തിനിടെ പൊലീസ് വനിതാ പ്രവര്‍ത്തകരെ വലിച്ചിഴച്ചതായും പരാതിയുണ്ട്. ന്യൂഡല്‍ഹിയില്‍ ബിജെപിക്കെതിരെ ഒരുമിച്ചു സമരംചെയ്യുകയും ഇവിടെ അത്തരം സമരങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്നുവെന്നാണ് ഇടതുപക്ഷത്തിന്റെ വിമര്‍ശനം.