വിശുദ്ധ നാട്ടിലുടനീളം, എല്ലാ തലങ്ങളിലും സഭയുടെ സാന്നിധ്യം നിലനിര്‍ത്താന്‍ തങ്ങളുടെ കഴിവിനൊത്തതെല്ലാം തുടര്‍ന്നും ചെയ്യുമെന്ന് ജെറുസലേം പാത്രിയാര്‍ക്കീസ് 

 
JERSULEM PATHERKEESE

ജെറുസലേം: വിശുദ്ധ നാട്ടിലുടനീളം, എല്ലാ തലങ്ങളിലും സഭയുടെ സാന്നിധ്യം നിലനിര്‍ത്താന്‍ തങ്ങളുടെ കഴിവിനൊത്തതെല്ലാം തുടര്‍ന്നും ചെയ്യുമെന്ന് ജെറുസലേം പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ വെസ്റ്റ് ബാങ്കിലെ ഏക ക്രൈസ്തവ ഗ്രാമമായ തയ്‌ബെ സന്ദര്‍ശനത്തിടെ സംസാരിക്കുകയായിരിന്നു അദ്ദേഹം.

ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന തയ്‌ബെ ഗ്രാമത്തില്‍ താമസക്കാരല്ലാത്തവര്‍ക്ക് പ്രവേശനം നിരോധിച്ചുകൊണ്ടു ഇസ്രായേല്‍ സൈന്യം രംഗത്ത് വന്നിരിന്നു. ഇതിന് പിന്നാലെയാണ് കര്‍ദ്ദിനാളിന്റെ സന്ദര്‍ശനം.

'മാനുഷികമായോ ലൗകികമായോ ഉള്ള ഉത്തരങ്ങള്‍ എന്റെ പക്കലുണ്ടാകണമെന്നില്ല, എന്നാല്‍ എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്. അവിടുത്തെ ആശ്രയിച്ചുകൊണ്ട്, തയ്‌ബെയിലായാലും നമുക്ക് തുടര്‍ന്നും ജീവന്‍ പകര്‍ന്നുനല്‍കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്,'- തയ്‌ബെയിലെ 'ക്രൈസ്റ്റ് ദ റിഡീമര്‍' ലാറ്റിന്‍ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടെ കര്‍ദ്ദിനാള്‍ പിസബല്ല പറഞ്ഞു.

ദുഷ്‌കരമായ സമയങ്ങളില്‍ ദൈവജനത്തിനൊപ്പം നിലകൊള്ളുന്ന ഒരു പിതാവിനെപ്പോലെയാണ് കര്‍ദിനാളിന്റെ സാന്നിധ്യമെന്ന് വികാരി ഫാ. ബഷാര്‍ ഫവാദ്ലെ പറഞ്ഞു.


'ഈ നാടിന്റെ കുരിശും പ്രത്യാശയും' വഹിച്ചുകൊണ്ട് സഭ തന്റെ മക്കള്‍ക്കൊപ്പം നിലകൊള്ളുന്നുവെന്നും, തങ്ങള്‍ ഒറ്റയ്ക്കല്ലെന്നു കര്‍ദ്ദിനാള്‍ പിസാബല്ലയുടെ സാന്നിധ്യം വിശ്വാസിസമൂഹത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നും ഫാ. ബഷാര്‍ കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ആഴ്ചയാണ് വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായേലി കുടിയേറ്റക്കാര്‍ പാലസ്തീനികള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ തയ്‌ബെ ഗ്രാമത്തില്‍ താമസക്കാരല്ലാത്തവരുടെ പ്രവേശനം ഇസ്രായേല്‍ സൈന്യം നിരോധിച്ചത്. തയ്‌ബെയില്‍ ഏകദേശം 1,200 മുതല്‍ 1,300 വരെ ക്രൈസ്തവരുണ്ടെന്നാണ് കണക്ക്.

Tags

Share this story

From Around the Web