തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനം കലോത്സവ വേദിയാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി തള്ളിയത് പതിനായിരം രൂപ പിഴചുമത്തി

 
thekkinakadu maithanam


തൃശൂര്‍: തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനം കലോത്സവ വേദിയാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പതിനായിരം രൂപ പിഴചുമത്തിയാണ് ഹര്‍ജി തള്ളിയത്. 


ഹര്‍ജിക്കാരനായ തൃശ്ശൂര്‍ സ്വദേശി നാരായണന്‍ കുട്ടിക്കാണ് ദേവസ്വം ബെഞ്ച് 10,000 രൂപ പിഴയിട്ടത്. നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

കലോത്സവ വേദിയുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളടങ്ങിയ ഉത്തരവ് കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്നു. ആ, നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു പോലും നോക്കാതെ കലോത്സവം തുടങ്ങുന്നതിനു മുമ്പ് ഹര്‍ജി നല്‍കിയതിനാണ് കോടതി പിഴ ചുമത്തിയത്. 


കലോത്സവത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റിയതായി ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഹര്‍ജിയില്‍ പറഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 

കര്‍ശന നിബന്ധനകളോടെയാണ് കലോത്സവത്തിനായി തേക്കിന്‍കാട് മൈതാനം വിട്ടുനല്‍കാന്‍ നേരത്തെ ഹൈക്കോടതി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് അനുമതി നല്‍കിയിരുന്നത്.


ഇതിനിടെയാണ് ഇത്തരം ആരോപണങ്ങളുമായി ഇയാള്‍ രംഗത്തെത്തിയത്. ജനുവരി 14 മുതല്‍ 18 വരെയാണ് കലോത്സവം തൃശൂരില്‍ അരങ്ങേറുന്നത്. ജനുവരി 14ന് രാവിലെ 10 മണിക്ക് പ്രധാന വേദിയായ തേക്കിന്‍ക്കാട് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. 


അഞ്ചുദിവസങ്ങളില്‍ 25 വേദികളിലായി 239 ഇനങ്ങളിലാണ് മത്സരം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 96 ഇനങ്ങളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 105 ഇനങ്ങളും സംസ്‌കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും 19 ഇനങ്ങള്‍ വീതവും അരങ്ങേറും

Tags

Share this story

From Around the Web