തൃശൂര്‍ പൂരം കലക്കല്‍; കൂടുതല്‍ അന്വേഷണത്തിന് പുതിയ സംഘത്തെ നിയമിക്കില്ല, എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള നിലവിലെ സംഘം തന്നെ തുടര്‍പരിശോധന നടത്തും
 

 
thirssur pooram


 

തൃശൂര്‍: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പുതിയ സംഘത്തെ നിയമിക്കില്ല. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള നിലവിലെ സംഘം തന്നെ തുടര്‍പരിശോധന നടത്തും.

 സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ അന്വേഷണ സംഘത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് പൊലീസ് മേധാവിക്ക് തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലവിലെ സംഘത്തോട് തന്നെ തുടര്‍പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കുന്നത്.


പൂരം കലക്കിയതിന് പിന്നില്‍ തിരുവമ്പാടി വിഭാഗക്കാരാണെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍, ഈ ആരോപണം സാധൂകരിക്കുന്നതിനാവശ്യമായ കൃത്യമായ തെളിവുകള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തല്‍. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരുന്നു കേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.

ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേശിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്വേഷണം നടത്തിയത്. പൂരവുമായി ബന്ധപ്പെട്ട് ആ വര്‍ഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇഷ്ടപ്പെടാത്ത തിരുവമ്പാടി വിഭാഗമാണ് പൂരം കലക്കിയതിന് പിന്നിലെന്നായിരുന്നു ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. 

കലാപാഹ്വാനം, വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു തിരുവമ്പാടി ദേവസ്വത്തിനെതിരെ ചുമത്തിയത്. എട്ട് ഭാരവാഹികളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തുടര്‍നടപടികള്‍ വൈകുന്നതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഏഴ് പേരെ പ്രതിചേര്‍ക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കത്തിനു പിന്നാലെ കേസില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്ന ആരോപണങ്ങളും ശക്തമായിരുന്നു. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് രാഷ്ട്രീയ പശ്ചാത്തലമുള്ളതിനാലാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

 പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ആറുമാസം മുമ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഏഴ് പേരെ പ്രതിചേര്‍ക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നത്. മുന്‍ എഡിജിപി എം.ആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലുകളെക്കുറിച്ചും നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര വകുപ്പ് തള്ളിയതോടെ തുടര്‍നടപടികള്‍ നിര്‍ണായകമാകും.


 

Tags

Share this story

From Around the Web