ഓസ്‌ട്രേലിയയിൽ ടെസ്‌ല കാർ മരത്തിലിടിച്ച് തീപിടിച്ച് തൃശൂർ സ്വദേശിയായ യുവാവ് മരിച്ച സംഭവം, തകർന്നു പോയത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ

 
accident

ബ്രിസ്ബെൻ: പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ഓസ്‌ട്രേലിയയിൽ കുടുംബത്തോടൊപ്പം ഒത്തുചേർന്ന് മാസങ്ങൾക്കുള്ളിൽ മലയാളി യുവാവ് കാർ അപകടത്തിൽ മരിച്ചതിൻ്റെ ഞെട്ടൽ മാറാതെ കുടുംബാംഗങ്ങളും പ്രവാസി സമൂഹവും.  തൃശൂർ സ്വദേശിയായ ശരത് മോഹൻദാസ് (37) ആണ് ക്വീൻസ്‌ലാൻഡിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്.
ജൂലൈ 19 പുലർച്ചെ 1.30 ന് ബ്രിസ്ബേനിന് സമീപമുള്ള ബ്രൂക്ക്‌വാട്ടറിലെ അഗസ്റ്റ പാർക്ക്‌വേയിൽ വെച്ചായിരുന്നു അപകടം. ശരത് സഞ്ചരിച്ചിരുന്ന ടെസ്‌ല മോഡൽ വൈ കാർ റോഡിൽ നിന്ന് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് കത്തുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ ശരത് മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.


ഭർത്താവിനൊപ്പം ജീവിക്കാൻ നാട്ടിലെ ജോലി രാജിവെച്ചാണ് ഭാര്യ സിതാര ശിവദാസനും പത്തും നാലും വയസ്സുള്ള രണ്ട് മക്കളും രണ്ട് മാസം മുൻപ് ഓസ്‌ട്രേലിയയിൽ എത്തിയത്. അഗസ്റ്റിൻ ഹൈറ്റ്സിൽ വാടക വീട എടുത്ത് പുതിയൊരു ജീവിതം ആരംഭിച്ച കുടുംബത്തെ തേടി അപ്രതീക്ഷിത ദുരന്തം എത്തുകയായിരുന്നു.
അപകടത്തിന് വെറും അഞ്ച് ആഴ്‌ച മുൻപാണ് കുടുംബം പുതിയ ടെസ്‌ല കാർ സ്വന്തമാക്കിയത്. "ഞങ്ങളുടെ പുതിയ കുടുംബാംഗത്തെ സ്വാഗതം ചെയ്യുന്നു" എന്ന കുറിപ്പോടെ സന്തോഷ നിമിഷം സിതാര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

"ഞങ്ങൾക്കായി അഹോരാത്രം പ്രയത്നിച്ച ആളായിരുന്നു ശരത്. ഒറ്റനിമിഷം കൊണ്ട് ഞങ്ങളുടെ ലോകം മുഴുവൻ തകർന്നുപോയി," സിതാര കണ്ണീരോടെ ഓർക്കുന്നു.

മൃതദേഹം  ശരതിന്റെ ജന്മനാടായ തൃശൂരിലേക്ക് കൊണ്ടുവരുന്നതിനും, കുടുംബത്തിന് നാട്ടിലേക്ക് മടങ്ങുന്നതിനുമായി സുഹൃത്തുക്കളും പ്രവാസി സമൂഹവും ചേർന്ന് 'GoFundMe' വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.  നാട്ടിലേക്ക് മടങ്ങാനും  തങ്ങളെ സഹായിക്കുന്ന എല്ലാവർക്കും സിതാര നന്ദി അറിയിച്ചു.

Tags

Share this story

From Around the Web