സുരേഷ് ഗോപിയുടെ രാഷ്ട്രീയ സംവാദ വേദിയില്‍ തൃശൂര്‍ ഡി സി സി അംഗം. സഭ പ്രസിഡന്റ് എന്ന നിലയിൽ പങ്കെടുത്തതാണെന്ന് വിശദീകരണം

സുരേഷ് ഗോപിയുടെ രാഷ്ട്രീയ സംവാദ വേദിയില്‍ തൃശൂര്‍ ഡി സി സി അംഗം. തൃശൂര്‍ ഡി സി സി അംഗവും മുന്‍ ബ്ലോക്ക് പ്രസിഡന്റുമായ പ്രൊഫ.സി.ജി ചെന്താമരാക്ഷനാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സംഗമത്തില്‍ ആദ്യാവസാനം പങ്കെടുക്കുകയും സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് സംസാരിക്കുകയും ചെയ്തത്
ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചെന്താമരാക്ഷന്‍ പ്രസിഡന്റായുള്ള ശ്രീവിദ്യാ പ്രകാശിനി സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു പരിപാടി. സഭാ പ്രസിഡന്റ് എന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് സി.ജി ചെന്താമരാക്ഷന്റെ വിശദീകരണം
അതേസമയം സുരേഷ് ഗോപിയുടെ വിജയം വോട്ട് കൊള്ളയിലൂടെയാണെന്ന് തൃശ്ശൂര്‍ അതിരൂപതാ മുഖപത്രം വിമര്‍ശനമുന്നയിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഒരു ലക്ഷത്തോളം പുതിയ വോട്ടുകള്‍ എങ്ങനെ വന്നു എന്നും അതിരൂപതാ മുഖപത്രത്തില്‍ ചോദിക്കുന്നു.
2019ല്‍ നിന്നും 2024ലെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും തൃശൂരില്‍ വര്‍ധിച്ചത് ഒരു ലക്ഷത്തി നാല്‍പ്പത്തിയാറായിരത്തി അറുനൂറ്റി എഴുപത്തിമൂന്ന് വോട്ടുകളാണ്. തൃശ്ശൂരിന് പുറത്തുള്ള ഒരു ലക്ഷത്തോളം ആളുകളെ വോട്ടര്‍ പട്ടികയില്‍ കുത്തിതിരുകിയാണ് സുരേഷ് ഗോപിയുടെ വിജയം എന്നും കത്തോലിക്കാ സഭയിലെ ലേഖനം ആരോപിക്കുന്നു