തൃശ്ശൂരില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി പണം വാങ്ങി മേയര്‍ സ്ഥാനം വിറ്റു; ആരോപണവുമായി ലാലി ജെയിംസ്
തൃശ്ശൂര്‍: തൃശ്ശൂര്‍ മേയര്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പൊട്ടിത്തെറി. തന്നെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന കൗണ്‍സിലര്‍ ലാലി ജെയിംസ്.
പാര്‍ട്ടി നേതൃത്വം പണം വാങ്ങി മേയര്‍ പദവി വില്‍ക്കുകയായിരുന്നു എന്ന ഗുരുതരമായ ആരോപണമാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്.
നിയുക്ത മേയര്‍ നിജി ജസ്റ്റിനും ഭര്‍ത്താവും പണവുമായി എഐസിസി നേതാക്കളെ കണ്ടുവെന്ന് ലാലി ജെയിംസ് ആരോപിച്ചു. തനിക്ക് പണമില്ലാത്തതുകൊണ്ടാണ് പാര്‍ട്ടി തന്നെ തഴഞ്ഞതെന്നും, അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി നേതൃത്വം പണം വാങ്ങി മേയര്‍ പദവി വിറ്റു. താനൊരു വിധവയാണെന്നും തനിക്ക് അര്‍ഹതപ്പെട്ട പദവി പണം വാങ്ങി വില്‍ക്കുകയായിരുന്നുവെന്നും ലാലി ജെയിംസ് ആരോപിച്ചു. കൗണ്‍സിലര്‍മാരുടെ പിന്തുണ ഉണ്ടായിട്ടും തന്നെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിപ്പ് കൈപ്പറ്റാന്‍ അവര്‍ തയ്യാറായിട്ടില്ല.
ഒരു വര്‍ഷത്തെ കാലാവധി വാഗ്ദാനം ചെയ്തെങ്കിലും അത് നിരസിച്ച ലാലി ജെയിംസ്, വോട്ടെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടില്ല.
തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ ഭരണം പിടിക്കാനുള്ള യുഡിഎഫ് നീക്കങ്ങള്‍ക്കിടെ ഉയര്‍ന്ന ഈ ആരോപണം പാര്‍ട്ടിക്ക് വലിയ തലവേദനയായിരിക്കുകയാണ്.