തിരുപിറവിയുടെ സന്തോഷം വാനോളം ഉയര്‍ത്തി തൃശൂര്‍ നഗരത്തിന്റെ ബോണ്‍ നത്താലെ
തൃശൂര്‍: ഒരേ താളത്തില്‍ ചുവടുവച്ച പാപ്പാമാരുടെ ഫ്‌ലാഷ് മോബ് നൃത്തങ്ങളും തിരുപിറവിയുടെ മനോഹരമായ നിശ്ചലദൃശ്യങ്ങളും സാംസ്‌കാരിക നഗരിയില്‍ വിസ്മയക്കാഴ്ചകളൊരുക്കിയതോടെ തൃശൂര്‍ നഗരത്തെ ആവേശത്തിലാഴ്ത്തി ബോണ്‍ നത്താലെ.
ക്രിസ്മസ് ആഘോഷത്തിമര്‍പ്പുമായി വൈകിട്ട് അഞ്ചോടെയാണ് ബോണ്‍ നത്താലെ റാലി നഗരമുഖത്തെത്തിയത്. പതിനയ്യായിരത്തോളം ക്രിസ്മസ് പാപ്പമാര്‍ നഗരത്തെ ചുവപ്പണിയിച്ച് സ്വരാജ് റൗണ്ട് ചുറ്റി.
പ്രത്യേകം തയാറാക്കിയ പാട്ടിനനുസരിച്ചായിരുന്നു നൃത്തച്ചുവടുകള്‍. തൃശൂര്‍ സെന്റ് തോമസ് കോളജില്‍നിന്നായിരുന്നു റാലിയുടെ തുടക്കം.
ബോണ്‍ നത്താലെ ആവേശം പടര്‍ത്തി വേനല്‍ത്തുമ്പികളെപ്പോലെ സ്‌കേറ്റിംഗ് പാപ്പാമാരാണു സ്വരാജ് റൗണ്ടിലേക്ക് ഇരമ്പിക്കയറിയത്. അതിനു പിറകിലായി സമ്മാനങ്ങള്‍ വാരിവിതറി റോബോട്ട് പാപ്പയും, പറക്കുന്ന ഡ്രോണ്‍ പാപ്പയും.
എഐ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയു ള്ള ആവിഷ്‌കാരങ്ങളൊക്കി മികവുപുലര്‍ത്തിയത് ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ്. തൊട്ടുപിറകില്‍ കുതിരവണ്ടിയില്‍ തിരുകുടുംബം. അതിനു പിറകിലായിരുന്നു ബോണ്‍ നത്താലെയുടെ പ്രമുഖരടങ്ങുന്ന നേതൃനിര.
കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി, മേയര്‍ നിജി ജസ്റ്റിന്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ഔഗിന്‍ കുര്യാക്കോസ്, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട്, സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, മന്ത്രിമാരായ കെ. രാജ ന്‍, ആര്‍. ബിന്ദു എന്നിവരാണു തൃശൂര പൗരാവലിയുടെയും തൃശൂര്‍ അതിരൂപതയുടെയും നേതൃത്വത്തിലുള്ള ബോണ്‍ നത്താലെ ഘോഷയാത്ര യെ തൃശൂരിന്റെ സാംസ്‌കാരികോത്സവമാക്കി നയിച്ചത്.
തൊട്ടുപിറകിലായി വീല്‍ച്ചെയര്‍ പാപ്പമാര്‍ കാഴ്ചക്കാരുടെ മനംകവര്‍ന്നു. കുതിര രഥത്തിലേറിയ വലിയ കുടുംബത്തെ കൗതുകത്തോടെയാണു കാണികള്‍ വരവേറ്റത്. അതിനുശേഷമാണു ബോണ്‍ നത്താലെയുടെ ആവേശത്തിരകളുയര്‍ത്തി ആസ്വാദകരെ ആനന്ദത്തിലാറാടിച്ച ഫ്‌ലാ ഷ് മോബ് കളിക്കുന്ന പാപ്പമാര്‍ അണിനിരന്നത്.
ഒരോ ഇടവകയിലെയും ഇത്തരം ഡാന്‍സിംഗ് പാപ്പാസംഘങ്ങള്‍ക്കിടയിലായാണ് ഫ്‌ലോട്ടുകളും ടാബ്ലോകളും ദൃശ്യവിസ്മയമൊരുക്കിയത്. മൊത്തം 17 നിശ്ചലദൃശ്യങ്ങളാണ് ഇത്തവണത്തെ ബോണ്‍ നത്താലെയില്‍ ആസ്വാദകര്‍ക്കു ക്രിസ്മസ് ദൃശ്യവിരുന്നൊരുക്കിയത്.
കേരളത്തിന്റെ ഭൂപടത്തിന്റെ പശ്ചാത്തലത്തില്‍ ദീപിക പത്രം, അര്‍ണോസ് പാതി, ചാവറയച്ചന്‍ എന്നിവരുടെ ദൃശ്യങ്ങളുമായി ഭാരതത്തിനു ക്രൈസ്തവരുടെ സംഭാവനകള്‍ ഓര്‍മിപ്പിക്കുന്ന ഫ്‌ലോട്ട്, മദര്‍ തെരേസയ്ക്കു ചുറ്റും കൊല്‍ക്കത്തയിലെ തെരുവുകാഴ്ചകള്‍, മോശയും 10 ദൈവ കല്പനകളും, ദാവീദും ഗോലിയാത്തും, സാംസണ്‍ സിംഹത്തിന്റെ തലതകര്‍ക്കുന്ന ദൃശ്യം തുടങ്ങിയവ ശ്രദ്ധേയമായിരുന്നു.
ഗലീലി തടാകത്തില്‍ യേശുവും ശിഷ്യന്മാരും, തൃശൂരിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പൂരപ്രൗഢിയുടെ നേര്‍ക്കാഴ്ചയൊരുക്കി തെക്കേഗോപുരനട തള്ളിത്തുറന്നുവരുന്ന ചമയാലങ്കാരവിഭൂഷിതമായ കരിവീരച്ചന്തം, പുലിക്കളി, കൂടിയാട്ടം, കഥകളി, ഭരതനാട്യം, ഒപ്പന, മാര്‍ ഗംകളി എന്നിവയും അണിനിരന്നു.
അതിരൂപതയിലെ 16 ഫൊറോനകള്‍ക്കു കീഴിലെ 230 ഇടവകകളിലെ പ്രതിനിധികളാണു ബോണ്‍ നത്താലെയില്‍ പങ്കെടുത്തത്. 165 പള്ളികളില്‍ നിന്നു പാപ്പമാരെത്തി.