തൃശൂര്‍ വടക്കാഞ്ചേരിയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍. മരണം ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ

തൃശൂര്‍: വടക്കാഞ്ചേരിയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍. കാഞ്ഞിരക്കോട് സ്വദേശി മിഥുനാ( 30)ണ് മരിച്ചത്.
ഇന്ന് രാവിലെ വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കാട്ടുപന്നിയുടെ മാംസം വില്‍പന നടത്തിയെന്ന കേസില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് മരണം.
മിഥുന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. ചൊവ്വാഴ്ചയാണ് മിഥുന്‍ ഉള്‍പ്പെടെ മൂന്നു പേരെ വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ചയാണ് മിഥുന്‍ ജാമ്യത്തില്‍ ഇറങ്ങിയത്. സംഭവത്തില്‍ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. തഹസില്‍ദാര്‍ സ്ഥലത്തെത്തിയിട്ട് മൃതദേഹം ഇറക്കിയാല്‍ മതിയെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഫോണ്‍ വാങ്ങുന്നതിനായി മിഥുന്‍ ഇന്നലെ വനംവകുപ്പിന്റെ ഓഫീസിലെത്തിയിരുന്നു. എന്നാല്‍ ഏഴംഗ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഈ മനോവിഷമത്തിലാണ് മിഥുന്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്.
കേസില്‍ പ്രതികളല്ലാത്ത ആളുകളെയും മൊഴിയെടുത്ത് കൊണ്ട് കസ്റ്റഡിയിലെടുക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. മിഥുന്‍ സമൂഹത്തിന് വേണ്ടപ്പെട്ട പയ്യനാണ്. ഇതിന് പരിഹാരം കണ്ടിട്ടേ പിരിഞ്ഞുപോകുള്ളൂ എന്ന് നാട്ടുകാര്‍ പറഞ്ഞു.