ബാഴ്സലോണയില്‍ യുവജനങ്ങളെ സാക്ഷിനിര്‍ത്തി, ഹൃദയഭേദകമായ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച മൂന്ന് യുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക്  ലിയോ  മാര്‍പാപ്പയുടെ ഹൃദയപൂര്‍വമായ  മറുപടികള്‍

 
leo 14

ബാഴ്സലോണ: ബാഴ്സലോണയിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരക്കണക്കിന് യുവജനങ്ങളെ സാക്ഷിനിര്‍ത്തി, ഹൃദയഭേദകമായ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച മൂന്ന് യുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ക്രിസ്തുവിന്റെ കരുണയുടെ ലേപനമായി ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ഹൃദയപൂര്‍വമായ  മറുപടികള്‍. സ്പെയിന്‍ സന്ദര്‍ശനത്തിന്റെ നാലാം നാള്‍ ബാഴ്സലോണയിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ നടന്ന ജാഗരണ പ്രാര്‍ത്ഥനയ്ക്കിടയിലാണ്  ഒരു നല്ല ഇടയന്റെ ആര്‍ദ്രതയോടെ പാപ്പ മറുപടി നല്‍കിയത്.

‘അമ്മയെ കൊല്ലാന്‍ നോക്കിയ പിതാവിനോട് ഞാന്‍ എങ്ങനെ ക്ഷമിക്കും? എന്ന് ചോദിച്ച ഡെസിറേ എന്ന പെണ്‍കുട്ടിയുടെ സാക്ഷ്യമായിരുന്നു ഇതില്‍ ഏറ്റവും ഹൃദയഭേദകം. സ്വന്തം അമ്മയെ കൊല്ലാന്‍ ശ്രമിച്ച പിതാവും ഇതിനെ തുടര്‍ന്ന് മയക്കുമരുന്നിന് അടിമയായ അമ്മയും അവളെ എത്തിച്ചത് ജുവനൈല്‍ ഹോമിലാണ്. അവിടെ വെച്ചാണ് അവള്‍ വിശ്വാസം കണ്ടെത്തുന്നതും മാമ്മോദീസ മുങ്ങുന്നതും. ‘കുഞ്ഞായിരുന്നപ്പോള്‍ ദൈവം എവിടെയായിരുന്നു? എന്നെ ഇത്രയേറെ വേദനിപ്പിച്ച പിതാവിനോട് ഞാന്‍ എങ്ങനെ ക്ഷമിക്കും?’ എന്ന് ഡെസിറേ ചോദിച്ചപ്പോള്‍  ആ സ്റ്റേഡിയത്തില്‍ കണ്ണീര്‍ പൊടിയാത്ത ഒരു കണ്ണുകളും ബാക്കിയുണ്ടായിരുന്നില്ല.

മനുഷ്യന്റെ അക്രമങ്ങള്‍ക്കും തിന്മകള്‍ക്കും ദൈവത്തെ കുറ്റം പറയാനാകില്ലെന്ന് ഡെസിറേയുടെ ആദ്യ ചോദ്യത്തിന് മറുപടിയായി പാപ്പ പറഞ്ഞു. ‘മനുഷ്യന് ബുദ്ധിയും സ്വാതന്ത്ര്യവും നല്‍കിയ ദൈവം സ്നേഹത്തിന്റെ വഴി കാണിച്ചുതന്നു.’ അതുകൊണ്ട്  ദൈവം എവിടെയായിരുന്നു എന്നതിന് പകരം സഹമനുഷ്യരെ അക്രമിക്കുന്ന വിധത്തത്തില്‍ നാം എങ്ങനെ തിന്മയുടെ തടവുകാരായി എന്ന് സ്വയം ചോദിക്കുകയാണ് വേണ്ടതെന്ന് പാപ്പ വിശദീകരിച്ചു.

ക്ഷമ എന്നത് ഒറ്റ ദിവസം കൊണ്ട് സംഭവിക്കുന്ന ഒന്നല്ല, അതൊരു നീണ്ട യാത്രയാണെന്ന് ഡെസിറേയുടെ രണ്ടാമത്തെ ചോദ്യത്തിന് മറുപടിയായി പാപ്പ പറഞ്ഞു. ‘ക്ഷമ എന്നത് മുന്‍പുണ്ടായിരുന്ന അതേ അവസ്ഥയിലേക്ക് തിരിച്ചുപോവുക എന്നതോ, അതിക്രമം കാണിച്ചവരോടൊപ്പം വീണ്ടും ജീവിക്കുക എന്നതോ അല്ല. മറിച്ച്, ഹൃദയത്തില്‍ നിന്ന് പകയും പ്രതികാരചിന്തയും മാറ്റിവയ്ക്കുക എന്നതാണ്. അവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ശ്രമിക്കുക. ക്ഷമയുടെ വഴിയില്‍ ചെറിയ ചുവടുകളായി നമുക്ക് മുന്നോട്ട് പോകാം,’ പാപ്പ പറഞ്ഞു.

ഡിപ്രഷന്‍ ബാധിച്ച് ആത്മഹത്യക്ക് ശ്രമിച്ച സ്‌കൂള്‍ അധ്യാപികയായ കാര്‍മിനിക്കും തന്റെ മറുപടിയിലൂടെ പാപ്പ പ്രത്യാശയുടെ  വെളിച്ചം പകര്‍ന്നു നല്‍കി.  ‘ജീവിതത്തില്‍ കനത്ത ഇരുട്ട് മാത്രം ബാക്കിയാകുമ്പോള്‍, എനിക്ക് ഒരു വിലയുമില്ലെന്ന് തോന്നുമ്പോള്‍ ഞാന്‍ എങ്ങനെ ദൈവത്തെ വിശ്വസിക്കും?’ എന്നതായിരുന്നു കാര്‍മിനയുടെ ചോദ്യം.

 ‘നീ വീണ്ടും എഴുന്നേറ്റ് യാത്ര തുടരുന്നു എന്നത് വലിയൊരു അത്ഭുതം തന്നെയാണ്’ എന്ന് പറഞ്ഞ് കാര്‍മിനയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചുകൊണ്ടാണ്് പാപ്പ ആ ചോദ്യത്തിനുള്ള മറുപടി നല്‍കിയത്. ആധുനിക സമൂഹങ്ങളില്‍ മാനസികാരോഗ്യം കൂടുതലായി ഭീഷണി നേരിടുന്ന ജീവിതരീതിയുടെ തകരാറിലേക്കാണ്  വിരല്‍ ചൂണ്ടുന്നതെന്ന് പാപ്പ പറഞ്ഞു. മരണവേളയില്‍ യേശു അനുഭവിച്ച ഇരുട്ടും വേദനയും മാനവരാശിയുടെ മുഴുവന്‍ സങ്കടങ്ങളാണ്. ക്രൂശിതനായ യേശു നമുക്ക് നല്‍കുന്ന സന്ദേശം ദൈവം നമ്മെ ഉപേക്ഷിക്കില്ല എന്നാണ്. കഠിനമായ വേദനകളില്‍ ദൈവം നമ്മളോടൊപ്പം കുരിശില്‍ കിടക്കുന്നുണ്ട്.

വേദനകളെ  ‘ദൈവഹിതം’ എന്ന് പറഞ്ഞ് ആത്മീയവത്കരിക്കാന്‍ നോക്കരുതെന്ന് പാപ്പ പറഞ്ഞു. ദൈവം കഷ്ടപ്പാടുകള്‍ ആഗ്രഹിക്കുന്നവനല്ല, അവിടുന്ന് അത് നമ്മോടൊപ്പം വഹിക്കുകയും സ്ഥിരതയോടെ ദൈവത്തില്‍ ശരണപ്പെടാന്‍ ക്ഷണിക്കുകയും ചെയ്യുന്നു.’ കൂടാതെ കഠിനമായ നിമിഷങ്ങളില്‍ ഒരു ലളിതമായ പ്രാര്‍ത്ഥനയോടെ നമ്മെ ചേര്‍ത്തുപിടിക്കാന്‍, ക്ഷമയോടെ നമ്മെ കേള്‍ക്കാന്‍ കഴിവുള്ള ഒരാളോട് ഹൃദയം തുറക്കാന്‍ മാര്‍പാപ്പ നിര്‍ദേശിച്ചു.

 ‘ദൈവവിളി തിരിച്ചറിയാന്‍  എങ്ങനെയാണ് ഉന്നതങ്ങളിലേക്ക് നോക്കേണ്ടത്?’എന്നതായിരുന്നു കഴിഞ്ഞ ഈസ്റ്ററിന് ജ്ഞാനസ്നാനം സ്വീകരിച്ച ഫെറാന്‍ എന്ന യുവാവിന്റെ ചോദ്യം. ഇതിനായി ജീവിതത്തില്‍ ശാന്തമായ നിമിഷങ്ങള്‍ കണ്ടെത്താനും, ദിവസവും സുവിശേഷം വായിക്കാനും, ദൈവത്തോട് സംസാരിക്കാനും, പുരോഹിതരുമായും ആത്മീയ സുഹൃത്തുക്കളുമായും സംവദിക്കാനും പാപ്പ നിര്‍ദേശിച്ചു.

Tags

Share this story

From Around the Web