ഒരു വ്യക്തിയുടെ ആത്മീയജീവിതത്തിന് ആവശ്യമായ മൂന്ന് കാര്യങ്ങൾ

ഒരു വ്യക്തിയുടെ ബാഹ്യജീവിതത്തിൽ ശ്രദ്ധ ചെലുത്തുന്നതിനേക്കാൾ അത്യന്താപേക്ഷമാണ് ആത്മീയജീവിതത്തിൽ ശ്രദ്ധ ചെലുത്തേണ്ടത്. വിശുദ്ധ ഗ്രിഗറി, ഒരു വ്യക്തിയുടെ ആത്മീയജീവിതത്തിന് ആവശ്യമായ മൂന്ന് കാര്യങ്ങളെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്:
ക്രിസ്ത്യാനിയുടെ ജീവിതത്തിന് മൂന്ന് വ്യത്യസ്ത വശങ്ങളുണ്ട്: പ്രവൃത്തികൾ, വാക്കുകൾ, ചിന്തകൾ. ചിന്ത എങ്ങനെ പ്രധാനമാണെന്ന് അദ്ദേഹം ആദ്യം വിശദീകരിക്കുന്നു. കാരണം ചിന്ത നമ്മുടെ വാക്കുകളെയും പ്രവൃത്തികളെയും ബാധിക്കുന്നു. ചിന്ത ആദ്യം വരുന്നു, പിന്നെ വാക്കുകളും. നമ്മുടെ വാക്കുകൾ മനസ്സിന്റെ ആന്തരിക നിഗമനങ്ങളെ പരസ്യമായി പ്രകടിപ്പിക്കുന്നു. ചിന്തകൾക്കും വാക്കുകൾക്കും ശേഷം, പ്രവൃത്തി കടന്നുവരുന്നു. മനസ്സ് വിഭാവനം ചെയ്തതിനെ കർമ്മപഥത്തിൽ എത്തിക്കുന്നത് നമ്മുടെ പ്രവർത്തികളാണ്.
അതുകൊണ്ടാണ് ചിന്തകൾ മറ്റെല്ലാറ്റിനെയും ബാധിക്കുന്നതിനാൽ അവ ആദ്യം നിയന്ത്രിക്കേണ്ടതുണ്ടെന്ന് വിശുദ്ധ ഗ്രിഗറി അഭിപ്രായപ്പെടുന്നത്. അതിനാൽ നമ്മുടെ പ്രവർത്തിയിലോ സംസാരത്തിലോ ചിന്തയിലോ ശുദ്ധത പാലിക്കാൻ ശ്രദ്ധിക്കണം. നമ്മുടെ എല്ലാ ചിന്തകളും വാക്കുകളും പ്രവൃത്തികളും നിയന്ത്രിക്കുന്നത് ആത്മാവിന്റെ പ്രേരണയാൽ ആണെന്ന് ഉറപ്പാക്കണം. അപ്പോൾ നമ്മുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും നേരായ വഴിയിലാകും.
നാം ആത്മീയജീവിതത്തിൽ വളരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ശരിയായ ഉദേശങ്ങളോടെയാണോ മുന്നോട്ടുപോകുന്നതെന്ന് വിവേചിക്കാൻ ഈ മൂന്ന് മേഖലകൾ പരിശോധിക്കേണ്ടതുണ്ട്: നമ്മുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും പരിശോധിക്കണം, അവ ക്രിസ്തുവിലേക്കാണോ അതോ അവനിൽ നിന്ന് അകന്നുപോയോ എന്ന് നോക്കണം. നമ്മുടെ നാവ് നിയന്ത്രിച്ചാൽ മാത്രം പോരാ, നന്മകൾ പ്രവർത്തിക്കുകയും വേണം.
കടപ്പാട് ലൈഫ് ഡേ