കുടുംബങ്ങളിൽ സമാധാനം നിറയ്ക്കാൻ ഒരു ആർച്ച് ബിഷപ്പിന്റെ മൂന്ന് നിർദേശങ്ങൾ

 
family

കുടുംബജീവിതത്തിലെ തിരക്കുകൾക്കിടയിൽ സമാധാനവും ഐക്യവും കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്ക് വേണ്ടി സെന്റ് പോൾ – മിനിയാപൊളിസ് ആർച്ച് ബിഷപ്പ് ബെർണാഡ് ഹെബ്ദ തന്റെ പുതിയ ഇടയലേഖനത്തിലൂടെ കുടുംബങ്ങൾക്ക് നൽകുന്ന മൂന്ന് പ്രധാനപ്പെട്ട നിർദേശങ്ങൾ ഇതാ.

​1. യേശുവിനെ കുടുംബത്തിന്റെ കേന്ദ്രബിന്ദുവാക്കുക

​കുടുംബജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ഒന്നുമാത്രമാണ് ദൈവവുമായുള്ള ആഴമായ ബന്ധം. തിരക്കുകൾക്കും ലോകത്തിന്റെ അമിതമായ പ്രതീക്ഷകൾക്കും പിന്നാലെ ഓടുന്നതിനേക്കാൾ ഉപരിയായി ദൈവത്തെ കുടുംബത്തിന്റെ കേന്ദ്രമാക്കുമ്പോൾ മാത്രമേ യഥാർഥ സമാധാനം ലഭിക്കുകയുള്ളൂ. പ്രാർഥനയ്ക്കും കൂദാശകൾക്കും കുടുംബത്തിൽ മുൻഗണന നൽകുന്നത് ഹൃദയങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കാൻ സഹായിക്കും.

​2. ശ്രദ്ധാപൂർവം ജീവിക്കുക

​ഇന്നത്തെ കാലത്ത് സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗം, ഏകാന്തത, ശ്രദ്ധ മാറ്റുന്ന കാര്യങ്ങൾ എന്നിവ കുടുംബബന്ധങ്ങളെ തകർക്കാൻ സാധ്യതയുണ്ട്. അതിനാൽ ‘ഇടുങ്ങിയ വഴി’ യിലൂടെയുള്ള യാത്രയ്ക്ക് വിവേകവും ജാഗ്രതയും അത്യാവശ്യമാണ്. സ്ക്രീനുകളുടെ ഉപയോഗം നിയന്ത്രിക്കുക, പരസ്പരം സംസാരിക്കാൻ സമയം കണ്ടെത്തുക, ദൈവവചനം ഹൃദയത്തിൽ ആഴത്തിൽ പതിയാൻ അനുവദിക്കുക തുടങ്ങിയവയിലൂടെ കുടുംബങ്ങൾക്ക് ഐക്യവും കരുത്തും വർധിപ്പിക്കാം.

​3. ഒറ്റയ്ക്കല്ല, സഭയോടൊപ്പം

​കുടുംബങ്ങൾ ഒറ്റയ്ക്കല്ല ഈ വഴിയിൽ നടക്കുന്നത് എന്ന തിരിച്ചറിവ് വലിയൊരു ആശ്വാസമാണ്. ഇടവകകളും സഭയും കുടുംബങ്ങൾക്ക് താങ്ങും തണലുമായി കൂടെയുണ്ട്. പ്രാർഥനാ കൂട്ടായ്മകൾ, മാതാപിതാക്കൾക്കുള്ള ക്ലാസുകൾ, യുവജന ശുശ്രൂഷകൾ എന്നിവയിലൂടെ സഭ നൽകുന്ന പിന്തുണ ഉപയോഗപ്പെടുത്തുക. വിശുദ്ധരുടെ മാധ്യസ്ഥ്യവും സഭയുടെ കൂട്ടായ്മയും പ്രതിസന്ധി ഘട്ടങ്ങളിലും കുടുംബങ്ങൾക്ക് പ്രതീക്ഷ പകരും.

നമ്മുടെ വീടുകൾ സ്വർഗത്തിലേക്കുള്ള ഒരു വഴിയായി മാറണമെങ്കിൽ ക്രിസ്തുവിനെ കേന്ദ്രീകരിച്ച്, ജാഗ്രതയോടെ, സഭയോടൊപ്പം ചേർന്ന് നടക്കാൻ നമുക്ക് സാധിക്കണം. ഈ വിശുദ്ധമായ യാത്രയിൽ കുടുംബങ്ങളായി ഒന്നിച്ചു നിൽക്കുമ്പോൾ, ഇവിടെ മാത്രമല്ല, നിത്യതയിലും നമുക്ക് ഒന്നിച്ചുചേരാനാകും.

കടപ്പാട് ലൈഫ് ഡേ

Tags

Share this story

From Around the Web