കുടുംബങ്ങളില്‍ സമാധാനം നിറയ്ക്കാന്‍ ഒരു ആര്‍ച്ച് ബിഷപ്പിന്റെ മൂന്ന് നിര്‍ദേശങ്ങള്‍
കുടുംബജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ സമാധാനവും ഐക്യവും കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് വേണ്ടി സെന്റ് പോള്‍ മിനിയാപൊളിസ് ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് ഹെബ്ദ തന്റെ പുതിയ ഇടയലേഖനത്തിലൂടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന മൂന്ന് പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ഇതാ.
1. യേശുവിനെ കുടുംബത്തിന്റെ കേന്ദ്രബിന്ദുവാക്കുക
കുടുംബജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒന്നുമാത്രമാണ് ദൈവവുമായുള്ള ആഴമായ ബന്ധം. തിരക്കുകള്‍ക്കും ലോകത്തിന്റെ അമിതമായ പ്രതീക്ഷകള്‍ക്കും പിന്നാലെ ഓടുന്നതിനേക്കാള്‍ ഉപരിയായി ദൈവത്തെ കുടുംബത്തിന്റെ കേന്ദ്രമാക്കുമ്പോള്‍ മാത്രമേ യഥാര്‍ഥ സമാധാനം ലഭിക്കുകയുള്ളൂ.
പ്രാര്‍ഥനയ്ക്കും കൂദാശകള്‍ക്കും കുടുംബത്തില്‍ മുന്‍ഗണന നല്‍കുന്നത് ഹൃദയങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കാന്‍ സഹായിക്കും.
2. ശ്രദ്ധാപൂര്‍വം ജീവിക്കുക
ഇന്നത്തെ കാലത്ത് സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗം, ഏകാന്തത, ശ്രദ്ധ മാറ്റുന്ന കാര്യങ്ങള്‍ എന്നിവ കുടുംബബന്ധങ്ങളെ തകര്‍ക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ 'ഇടുങ്ങിയ വഴി' യിലൂടെയുള്ള യാത്രയ്ക്ക് വിവേകവും ജാഗ്രതയും അത്യാവശ്യമാണ്.
സ്‌ക്രീനുകളുടെ ഉപയോഗം നിയന്ത്രിക്കുക, പരസ്പരം സംസാരിക്കാന്‍ സമയം കണ്ടെത്തുക, ദൈവവചനം ഹൃദയത്തില്‍ ആഴത്തില്‍ പതിയാന്‍ അനുവദിക്കുക തുടങ്ങിയവയിലൂടെ കുടുംബങ്ങള്‍ക്ക് ഐക്യവും കരുത്തും വര്‍ധിപ്പിക്കാം.
3. ഒറ്റയ്ക്കല്ല, സഭയോടൊപ്പം
കുടുംബങ്ങള്‍ ഒറ്റയ്ക്കല്ല ഈ വഴിയില്‍ നടക്കുന്നത് എന്ന തിരിച്ചറിവ് വലിയൊരു ആശ്വാസമാണ്. ഇടവകകളും സഭയും കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി കൂടെയുണ്ട്.
പ്രാര്‍ഥനാ കൂട്ടായ്മകള്‍, മാതാപിതാക്കള്‍ക്കുള്ള ക്ലാസുകള്‍, യുവജന ശുശ്രൂഷകള്‍ എന്നിവയിലൂടെ സഭ നല്‍കുന്ന പിന്തുണ ഉപയോഗപ്പെടുത്തുക. വിശുദ്ധരുടെ മാധ്യസ്ഥ്യവും സഭയുടെ കൂട്ടായ്മയും പ്രതിസന്ധി ഘട്ടങ്ങളിലും കുടുംബങ്ങള്‍ക്ക് പ്രതീക്ഷ പകരും.
നമ്മുടെ വീടുകള്‍ സ്വര്‍ഗത്തിലേക്കുള്ള ഒരു വഴിയായി മാറണമെങ്കില്‍ ക്രിസ്തുവിനെ കേന്ദ്രീകരിച്ച്, ജാഗ്രതയോടെ, സഭയോടൊപ്പം ചേര്‍ന്ന് നടക്കാന്‍ നമുക്ക് സാധിക്കണം. ഈ വിശുദ്ധമായ യാത്രയില്‍ കുടുംബങ്ങളായി ഒന്നിച്ചു നില്‍ക്കുമ്പോള്‍, ഇവിടെ മാത്രമല്ല, നിത്യതയിലും നമുക്ക് ഒന്നിച്ചുചേരാനാകും.