നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ സ്‌കൂട്ടറിലിടിച്ച് അപകടം: രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം, ഡ്രൈവര്‍ സുഹൈല്‍ സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഇജാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് മിനികൂപ്പര്‍ കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ഇജാസ്, ഗോപിക, ദേവിക എന്നിവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള ചായക്കടയില്‍ ചായ കുടിച്ച ശേഷം അത്താണി ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അമിതവേഗതയില്‍ വന്ന മിനികൂപ്പര്‍ കാര്‍ ഇവരുടെ വാഹനത്തിന് പിറകില്‍ ഇടിക്കുകയായിരുന്നു. മൂന്ന് പേരും തല്‍ക്ഷണം മരിച്ചു.
മരിച്ച മൂന്ന് പേരും തൃക്കാക്കര സുക്കോയ എന്ന ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരാണ്. ഇജാസ് കര്‍ണാടക സ്വദേശിയും ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിയുമാണ്. നാട്ടുകാരാണ് കാര്‍ ഡ്രൈവറെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
ഡ്രൈവര്‍ ലഹരിയില്‍ ആയിരുന്നുവെന്നും രാത്രികാലങ്ങളില്‍ ഈ റോഡില്‍ വാഹനങ്ങളുടെ മത്സരയോട്ടം പതിവാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഗോപികയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലും ഇജാസിന്റെയും ദേവികയുടെയും മൃതദേഹം ആലുവ സിഎ ആശുപത്രിയിലുമാണ്.