നൈജീരിയയിൽ സ്കൂൾ വിദ്യാർഥികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോയ മൂന്ന് ഭീകരർക്ക് ജീവപര്യന്തം തടവുശിക്ഷ

 
nigeria

നൈജീരിയയിലെ ഒയോ സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് തലസ്ഥാനമായ അബുജയിലെ ഹൈക്കോടതി. നിരോധിത ഇസ്ലാമിക് ഭീകരസംഘടനയായ ബൊക്കോ ഹറാമിന്റെ (Boko Haram) അനുബന്ധ വിഭാഗത്തിലെ അംഗങ്ങളാണ് ശിക്ഷിക്കപ്പെട്ടവർ.

അബ്ദുൽറസാഖ് ഉമർ, യൂനുസ മൂസ, ഷംസു ആദം സാനി എന്നിവർക്കാണ് കോടതി തടവുശിക്ഷ വിധിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവെക്കുക, തീവ്രവാദ പരിശീലനം നൽകുക തുടങ്ങിയ കുറ്റങ്ങൾ ഇവർ കോടതിയിൽ സമ്മതിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് ഒയോ സംസ്ഥാനത്തിലെ ഒരീരെ (Oriire) ജില്ലയിലെ മൂന്ന് സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെയും അധ്യാപകരെയും തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്.

56 ദിവസത്തെ കാട്ടുതടങ്കലിനു ശേഷം സൈന്യം നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ 44 പേരെ സുരക്ഷിതമായി മോചിപ്പിച്ചു. തടങ്കലിൽവച്ച് രണ്ട് അധ്യാപകരെ ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയതായി സ്കൂൾ പ്രിൻസിപ്പൽ വെളിപ്പെടുത്തി. സർക്കാരിൽ നിന്ന് മോചനദ്രവ്യം ഈടാക്കാൻ സമ്മർദം ചെലുത്തുന്നതിനായി ബോധപൂർവമാണ് കൊലപാതകം നടത്തിയത്. മുഖ്യപ്രതിയായ അബ്ദുൽറസാഖ് ഉമർ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഭീകരർക്ക് പരിശീലനം നൽകുകയും സന്ദേശങ്ങൾ കൈമാറുകയും ചെയ്തിരുന്നതായി സമ്മതിച്ചു.

Tags

Share this story

From Around the Web