കാര്‍ളോയുടെയും ഫ്രസ്സാത്തിയുടെയും വിശുദ്ധ പദവിയ്ക്കു ഇനി മൂന്നു നാള്‍. പ്രത്യേക സ്റ്റാമ്പുമായി വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്‌തോലന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ളോ അക്യുട്ടിസിന്റെയും പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ പോളിയോ ബാധിച്ചു അന്തരിച്ച ഇറ്റാലിയന്‍ യുവാവ് പിയേര്‍ ജോര്‍ജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധ പദവിയ്ക്കു ഇനി മൂന്നു നാള്‍.
ഈ വരുന്ന സെപ്റ്റംബര്‍ മാസം ഏഴാം തീയതി ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പതിനായിരകണക്കിന് വിശ്വാസികളെ സാക്ഷിയാക്കിയായിരിക്കും ലെയോ പതിനാലാമന്‍ പാപ്പ ഇവരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുക.
സുവിശേഷത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട രണ്ട് യുവ ക്രിസ്തുസാക്ഷികളോടുള്ള അനുസ്മരണാര്‍ഥം വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിലെ പോസ്റ്റല്‍ ആന്‍ഡ് ഫിലാറ്റലിക് സര്‍വീസ്, ഇറ്റലിയിലെ സാന്‍ മറിനോ റിപ്പബ്ലിക്, മാള്‍ട്ടയിലെ സോവറിന്‍ മിലിട്ടറി ഓര്‍ഡര്‍ എന്നിവയുടെ സഹകരണത്തോടെ സ്മാരക സ്റ്റാമ്പുകള്‍ പുറത്തിറക്കി.
ഒരു സ്റ്റാമ്പില്‍ ഫ്രസ്സാത്തി കുടുംബത്തിലെ അംഗമായ ആല്‍ബെര്‍ട്ടോ ഫാല്‍ചെറ്റി എന്ന കലാകാരന്‍ വരച്ച പിയര്‍ ജോര്‍ജിയോ ഫ്രസ്സാത്തിയുടെ ഛായാചിത്രമാണ് ചിത്രീകരിച്ചിരിക്കുന്നത്.
അകാലത്തില്‍ മരിക്കുന്നതിന് തൊട്ടുമുമ്പ്, അസീസിയിനടുത്തുള്ള മൗണ്ട് സുബാസിയോയിലേക്കുള്ള സ്‌കൂള്‍ യാത്രയ്ക്കിടെ ചുവന്ന ഷര്‍ട്ട് ധരിച്ച് കറുത്ത ബാഗ് വഹിച്ചുകൊണ്ട് നില്‍ക്കുന്ന കാര്‍ളോ അക്യുട്ടിസിന്റെ ചിത്രമാണ് മറ്റേ സ്റ്റാമ്പിലുള്ളത്.
60,000 കാര്‍ളോ അക്യുട്ടിസ് സ്റ്റാമ്പും 50,000 ഫ്രസ്സാത്തി സ്റ്റാമ്പുമാണ് പുറത്തിറക്കുന്നത്. ഓരോന്നിനും 1.35 യൂറോ ($1.60) വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിശുദ്ധ പദവി പ്രഖ്യാപനത്തിന് പിന്നാലെ പുതിയ സ്റ്റാമ്പുകള്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ പോസ്റ്റ് ഓഫീസിലും എല്ലാ വത്തിക്കാന്‍ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാകുമെന്ന് വത്തിക്കാന്‍ അറിയിച്ചു.